Press Club Vartha

ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണം : ഡിഎംഒ

തിരുവനന്തപുരം: വേനൽക്കാലത്ത് ജലജന്യ രോഗങ്ങൾ പടരാൻ സാധ്യതയുള്ളതിനാൽ ഇത്തരം രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയിഡ്, ഷിഗല്ല എന്നീ രോ​ഗങ്ങളെ പ്രതിരോധിക്കാൻ സുരക്ഷിതമായ ആരോഗ്യ ശീലങ്ങൾ പ്രാവർത്തികമാക്കണം. ഇത്തരം കേസുകൾ ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് ചികിത്സ തേടണം.

വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിക്കാവുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം സിങ്ക് ഗുളിക നൽകേണ്ടതാണ്. എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്, സിങ്ക് ഗുളിക എന്നിവ സൗജന്യമായി ലഭ്യമാണ്. രോഗലക്ഷണങ്ങൾ കാണിക്കുന്നവർ ഏറ്റവും അടുത്തുള്ള കിടത്തി ചികിത്സാ സൗകര്യമുള്ള ആശുപത്രിയിൽ എത്തേണ്ടതാണ്.

*പ്രതിരോധ മാർഗ്ഗങ്ങൾ*

വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ വയറിളക്കരോഗങ്ങൾ തടയാൻ കഴിയും.

തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം

മത്സ്യം, കക്ക, കൊഞ്ച് തുടങ്ങിയവ നന്നായി കഴുകി പാകം ചെയ്ത് മാത്രമേ ഭക്ഷിക്കാവൂ.

ഐസ്ക്രീമും മറ്റു പാനീയങ്ങളും പാകം ചെയ്യാത്ത മത്സ്യത്തോടൊപ്പം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല.

ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും ശൗചാലയം ഉപയോഗിച്ചതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.

ആഹാരസാധനങ്ങൾ ഈച്ച കയറാതെ അടച്ചു സൂക്ഷിക്കണം. ഹോട്ടലുകളും ആഹാരം കൈകാര്യം ചെയ്യുന്ന മറ്റു സ്ഥാപനങ്ങളും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തേണ്ടതാണ്.

കുഞ്ഞുങ്ങളെ മലവിസർജ്ജനത്തിന് ശേഷം ശുചിമുറിയിൽ മാത്രം കഴുകിക്കുക, ശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.

വയറിളക്ക രോഗമുള്ള കുട്ടികൾ ഉപയോഗിച്ച ഡയപ്പറുകൾ കഴുകി, ബ്ലീച്ച് ലായനിയിൽ 10 മിനിറ്റ് മുക്കിവെച്ചതിനുശേഷം മാത്രം ആഴത്തിൽ കുഴിച്ചിടുക.

Share This Post
Exit mobile version