Press Club Vartha

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നീട്ടി നൽകി: മന്ത്രി ഡോ ആർ ബിന്ദു

എറണാകുളം: മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി 2029 – 30 വരെയുള്ള കാലത്തേക്ക് നീട്ടിനൽകി യു ജി സി ഉത്തരവിറക്കിയതായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത കലാലയമാണ് മഹാരാജാസ്. ഓട്ടോണമസ് പദവിയ്ക്കായി യുജിസി നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ഓട്ടോണമസ് പദവി നീട്ടി നൽകിയത്. 2030 മാർച്ച് വരെയുള്ള ഓട്ടോണമസ് പദവി അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്. യുജിസി ഓട്ടോണോമസ് പദവി നീട്ടി നൽകിയ സാഹചര്യത്തിൽ മഹാരാജാസ് കലാലയത്തിനു എല്ലാവിധ ആശംസകളും നേരുന്നതായി മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ഒട്ടനവധി വികസന പ്രവർത്തനങ്ങൾ മഹാരാജാസ് കോളേജിൽ നടപ്പിലാക്കിയിട്ടുണ്ട്. 10 കോടി ചെലവിട്ട് പുതിയ അക്കാദമിക്ക് ബ്ലോക്ക്, 9 കോടിയുടെ ലൈബ്രറി ബിൽഡിങ്, ഓഡിറ്റോറിയം, സെമിനാർ ഹാൾ, സ്റ്റാഫ് ഹോസ്റ്റൽ നവീകരണം എന്നിവ ഉൾപ്പെടുന്ന 15 കോടിയുടെ പാക്കേജ്, 10 കോടി രൂപയുടെ പുതിയ വനിതാ ഹോസ്റ്റൽ, ബോയ്‌സ് ഹോസ്റ്റൽ മെസ്സ് ഹാൾ നവീകരണം എന്നിവയ്ക്ക് 1 കോടി 30 ലക്ഷം, 9 കോടി 53 ലക്ഷം ചെലവ് വരുന്ന സിന്തറ്റിക്ക് ഹോക്കി ടർഫ്, 7 കോടിയുടെ സിന്തറ്റിക്ക് ട്രാക്ക് തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.

എൻ ഐ ആർ എഫ് റാങ്കിങ്ങിൽ രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയിൽ 53 ആം സ്ഥാനത്താണ് മഹാരാജാസ് കോളേജ്. കെ ഐ ആർ എഫ് റാങ്കിങ്ങിൽ നിലവിൽ 10 -ാം സ്ഥാനവും മഹാരാജാസ് കോളേജിനുണ്ടെന്ന് മന്ത്രി പറഞ്ഞു.

Share This Post
Exit mobile version