Press Club Vartha

ആശാ വർക്കർമാരുടെ കാര്യത്തിൽ സർക്കാരിന് അനുഭാവപൂർവ നിലപാട്: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കേരളത്തിലുള്ള ബഹുഭൂരിപക്ഷം (89%) ആശാ വർക്കർമാർക്കും 10,000 മുതൽ 13,500 രൂപ വരെ ഇൻസെന്റീവും ഓണറേറിയവും ലഭിക്കുന്നുണ്ടെന്നും അതിൽ 9,500 രൂപ സംസ്ഥാനം മാത്രം നൽകുന്നതാണെന്നും മന്ത്രി വീണാ ജോർജ്. മറ്റ് സംസ്ഥാനങ്ങൾ നൽകുന്നതിനേക്കാൾ കൂടുതലാണിതെന്നും ആശാ വർക്കർമാരുടെ സമരത്തിന്റെ കാര്യത്തിൽ സർക്കാരിന് കടുംപിടിത്തമില്ലെന്നും വളരെ കുറച്ച് ആശാ പ്രവർത്തകർ മാത്രമാണ് സമരത്തിലുള്ളതെന്നും മന്ത്രി സെക്രട്ടേറിയറ്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആശമാരുടെ കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. ‘ആശ’ ഒരു കേന്ദ്ര പദ്ധതിയാണെങ്കിലും അനുഭാവപൂർവമായ സമീപനമാണ് സംസ്ഥാനത്തിന്റേത്. ഓണറേറിയം വർധിപ്പിക്കാൻ ധനവകുപ്പുമായി ചർച്ച നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ആശാ വർക്കർമാരുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ആക്കി ഉയർത്തിയപ്പോൾ സാക്ഷരത മിഷനിലൂടെ പത്താം ക്ലാസ് യോഗ്യതയില്ലാത്ത ആശമാരെ രജിസ്റ്റർ ചെയ്യിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ചു. തുടർവിദ്യാഭ്യാസത്തിന് താത്പര്യമുള്ളവർ ഹയർസെക്കണ്ടറി തലത്തിൽ രജിസ്റ്റർ ചെയ്ത് പഠിക്കുന്നുമുണ്ട്. ഇതിനെല്ലാം ആശമാർക്ക് സാമ്പത്തിക പിന്തുണ നൽകുന്നത് സംസ്ഥാന സർക്കാരാണ്. ആശാ വർക്കർമാർക്ക് കമ്പ്യൂട്ടർ സാക്ഷരതയടക്കം കേരള സർക്കാർ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Share This Post
Exit mobile version