
കൊല്ലം: എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 26ന് അവസാനിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരു കടക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. ഇതുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് അതത് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഇല്ലെന്ന് പോലീസ് ഉറപ്പാക്കണം.
ആവശ്യമായ പട്രോളിംഗ്, പിങ്ക് പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തും. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ നിരീക്ഷണം ശക്തമാക്കാനും നിര്‍ദ്ദേശിച്ചു. സ്‌കൂളിന് സമീപമുള്ള കടകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തുന്നതിന് എക്‌സൈസ് വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥികള്‍ക്ക് കാര്‍, മറ്റ് വാഹനങ്ങള്‍ എന്നിവ വാടകയ്ക്ക് നല്‍കരുത്. പ്രശ്‌നബാധിത പരിസരങ്ങളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.