Press Club Vartha

ഗാന്ധിഭവന് വീണ്ടും യൂസഫലിയുടെ റംസാന്‍ സമ്മാനം

കൊല്ലം : റംസാന്‍ നോമ്പുകാലത്ത് പത്തനാപുരം ഗാന്ധിഭവന് ആശ്വാസമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയുടെ സ്‌നേഹസഹായം. ഗാന്ധിഭവനിലെ അന്തേവാസികള്‍ക്കായി ഒരു കോടി രൂപയുടെ സഹായം കൈമാറി. എല്ലാവര്‍ക്കും സമൃദ്ധമായ ഭക്ഷണം നല്‍കുന്നതിനും മരുന്നിനും ചികിത്സയ്ക്കുമായാണ് തുക കൈമാറിയത്.

ആയിരത്തഞ്ഞൂറോളം അന്തേവാസികളാണ് പത്തനാപുരം ഗാന്ധിഭവനിലുള്ളത്. ഭക്ഷണം, മരുന്നുകള്‍, ആശുപത്രി ചികിത്സ, വസ്ത്രം, സേവനപ്രവര്‍ത്തകരുടെ വേതനം, മറ്റു ചെലവുകള്‍ ഉള്‍പ്പെടെ പ്രതിദിനം മൂന്നുലക്ഷം രൂപയിലധികം ചെലവുണ്ട്. റംസാന്‍ കാലത്തും തുടര്‍ന്ന് ഒരു വര്‍ഷത്തേക്കുമുള്ള ഭക്ഷണത്തിനും ചികിത്സയ്ക്കുമായാണ് ഒരു കോടി രൂപയുടെ സഹായം ഓരോ വര്‍ഷവും ഗാന്ധിഭവന് യൂസഫലി നല്‍കിവരുന്നത്.

കടുത്ത സാമ്പത്തികപ്രതിസന്ധികളില്‍ നിന്നും മുക്തി നേടുന്നതിനൊപ്പം റംസാന്‍ കാലത്ത് വലിയ ആശ്വാസമാകുന്നതുകൂടിയാണ് ഈ സഹായമെന്ന് ഗാന്ധിഭവന്‍ സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ പുനലൂര്‍ സോമരാജന്‍ പറഞ്ഞു.

ഒന്‍പത് വര്‍ഷം മുമ്പ് ഗാന്ധിഭവന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ അന്തേവാസികളുടെ താമസസൗകര്യത്തിന്റെ അപര്യാപ്തതയും സ്ഥാപനത്തിന്റെ സാമ്പത്തികക്ലേശങ്ങളും മനസിലാക്കിയതോടെയാണ് ഓരോ വര്‍ഷവും യൂസഫലി മുടങ്ങാതെ സഹായമെത്തിക്കാനാരംഭിച്ചത്.

ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം യൂസഫലി നിര്‍മ്മിച്ചുനല്‍കിയിരുന്നു. തുടര്‍ന്ന് ഗാന്ധിഭവനിലെ പുരുഷവയോജനങ്ങള്‍ക്കായി അദ്ദേഹം നിര്‍മ്മിച്ചുനല്‍കുന്ന ബഹുനില മന്ദിരത്തിന്റെ നിര്‍മ്മാണവും ഗാന്ധിഭവനില്‍ പുരോഗമിച്ചുവരികയാണ്. ഇരുപത് കോടിയോളം ചിലവ് വരുന്ന ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം ആറ് മാസത്തിനുള്ളില്‍ നടക്കും. പ്രതിവര്‍ഷ ഗ്രാന്റ് ഉള്‍പ്പെടെ ഒന്‍പത് വര്‍ഷത്തിനിടെ പതിനൊന്ന് കോടിയോളം രൂപയുടെ സഹായം അദ്ദേഹം ഗാന്ധിഭവന് നല്‍കിയിട്ടുണ്ട്.

എം.എ. യൂസഫലിക്കു വേണ്ടി അദ്ദേഹത്തിന്റെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ ഗാന്ധിഭവനിലെത്തിയാണ് ഒരു കോടി രൂപയുടെ ഡി.ഡി ഗാന്ധിഭവന് കൈമാറിയത്. ഫെയര്‍ എക്‌സ്‌പോര്‍ട്‌സ് ജനറല്‍ മാനേജര്‍ മുഹമ്മദ് റാഫി, തിരുവനന്തപുരം ലുലു മാള്‍ പബ്ലിക് റിലേഷന്‍സ് മാനേജര്‍ സൂരജ് അനന്തകൃഷ്ണന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Share This Post
Exit mobile version