Press Club Vartha

ചരിത്രം സൃഷ്ടിച്ച് സുനിത വില്യംസ്   ഭൂമിയിലെത്തി, എത്തുന്നത് ഒമ്പത് മാസത്തിന് ശേഷം; ഒപ്പം ബുച്ച് വിൽമോറും

ഫ്ളോറിഡ: ഒമ്പത് മാസം നീണ്ട ബഹിരാകാശ ജീവിതത്തിന് ഒടുവിൽ ഇന്ത്യൻ വംശജയും നാസയുടെ ബഹിരാകാശ യാത്രികയുമായ സുനിത വില്യംസും സഹപ്രവർത്തകൻ ബുച്ച് വിൽമോറും അതി സുരക്ഷ മായി ഭൂമിയിൽ പറന്നിറങ്ങി. പതിനേഴ് മണിക്കൂറോളം നീണ്ട യാത്രക്കൊടുവിലാണ് ജനകോടികളുടെ മനസ്സിലേക്ക് ഇരുവരും പറന്നിറങ്ങിയത്. ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന കടലിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ-9 പേടകം അതിസുരക്ഷിതമായി ഇറങ്ങി ചരിത്രം കുറിച്ചത്. <span;>ബുച്ച് വിൽമോറിനെ കൂടാതെ നാസയുടെ നിക് ഹേഗും റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ അലക്സാണ്ടർ ഗോർബുനോവും സുനിതക്കൊപ്പം ഡ്രാഗൺ പേടകത്തിൽ സഹയാത്രികരായിരുന്നു. എട്ട് ദിവസത്തെ പരീക്ഷണയാത്രക്ക് പുറപ്പെട്ട് ഒമ്പത് മാസത്തോളം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയേണ്ടിവരികയായിരുന്നു സുനിത വില്യംസിനും ബുച്ച് വിൽമോറിനും. ഏറ്റവും കൂടുതൽ സമയം സ്പേസ് വാക് നടത്തിയെന്ന നേട്ടമാണ് സുനിതയും വിൽമോറും ഇതോടെ നേടിയെടുത്തത്.
ഇന്ത്യൻ സമയം പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേൺ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗൺ പേടകം പ്രവേശിക്കുകയായിരുന്നു. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലിൽ പതിച്ചാണ് ചരിത്രം സൃഷ്ടിച്ചത്. അറ്റ്ലാന്റിക് സമുദ്രത്തിൽ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി കപ്പലിലേക്ക് മാറ്റി. ശനിയാഴ്ച പുലർച്ചെയാണ് പതിവ്ക്രൂ മാറ്റത്തിനായി നാല് ബഹിരാകാശ യാത്രികരുമായി സ്പേസ്എക്സ് ഡ്രാഗൺ ക്രൂ-10 പേടകം ബഹിരാകാശത്തേക്ക്’ യാത്ര പുറപ്പെട്ടത്. ഞായറാഴ്ച രാവിലെ ക്രൂ-10 പേടകത്തിലെ യാത്രികർ ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു.
നാസയുടെ ആൻ മക്ലെയിൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ ബഹിരാകാശ പര്യവേഷണ ഏജൻസിയുടെ തകൂയ ഒനിഷി, റോസ്കോസ്മോസിൻ്റെ കിരിൽ പെസ്കോവ് എന്നിവരാണ് പുതിയ യാത്രികർ. തുടർന്ന് സുനിത അടക്കം നിലവിലെ സംഘം രണ്ട് ദിവസം ബഹിരാകാശ നിലയത്തിലെ സാഹചര്യങ്ങൾ പരിചയപ്പെടുത്തിയ ശേഷം ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കുകയായിരുന്നു.

Share This Post
Exit mobile version