
കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒന്നു മുതൽ 9 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി. പത്താം പ്രതിയെ വെറുതെ വിട്ടു. കുറ്റക്കാരെല്ലാം സിപിഐഎം പ്രവർത്തകരാണ്. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയുടേതാണ് നടപടി.
കേസിൽ തിങ്കളാഴ്ച വിധി പ്രഖ്യാപിക്കും. 2005 ഓഗസ്റ്റ് എഴിന് രാവിലെയാണ് സൂരജിനെ കൊലപ്പെടുത്തിയത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന വിരോധത്തിലാണ് കൃത്യം നടത്തിയത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി 12 സിപിഎം പ്രവർത്തകരെയാണ് അറസ്റ്റു ചെയ്തിരുന്നത്.
ഇതിൽ 2 പ്രതികൾ സംഭവശേഷം മരിച്ചു. പത്താം പ്രതിയായ പ്രകാശനെ കോടതി വെറുതെവിട്ടു. ബാക്കി 9 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികൂടിയായ ടി കെ രജീഷ്, മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരന്‍ മനോരാജ്, എന്‍ വി യാഗേഷ്, കെ ഷംജിത്ത്, നെയ്യോത്ത് സജീവന്‍, പണിക്കന്റവിട വീട്ടില്‍ പ്രഭാകരന്‍, പുതുശ്ശേരി വീട്ടില്‍ കെ വി പത്മനാഭന്‍, മനോമ്പത്ത് രാധാകൃഷ്ണന്‍, പുതിയപുരയില്‍ പ്രദീപന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.