Press Club Vartha

വഞ്ചനാ കുറ്റത്തിന് കേസ്; വിശദീകരണവുമായി ഷാന്‍ റഹ്‍മാന്‍

കൊച്ചി: വ‍ഞ്ചനാ കുറ്റത്തിന് കൊച്ചി പൊലീസ് കേസ് എടുത്ത സംഭവത്തിൽ വിശദീകരണവുമായി സംഗീത സംവിധായകന്‍ ഷാൻ റഹ്മാൻ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പ്രസിദ്ധീകരിച്ച വിശദീകരണ കുറിപ്പിലാണ് ഷാന്‍റെ വിശദീകരണം.

തുടക്കത്തിൽ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നുവെന്നും നിജു രാജ് അബ്രഹാമിനെതിരെ കംപ്ലെയ്ന്‍റ് ഫയൽ ചെയ്‌ത് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ കീഴിൽ ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഷാൻ പറയുന്നു.

താന്‍ നല്‍കിയ പരാതി അട്ടിമറിക്കാനാനും തന്നെ താറടിക്കാനും ആണ് നിലവിലത്തെ പരാതി നല്‍കിയതെന്നും ഷാന്‍ വ്യക്തമാക്കി. സംഗീത നിശ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിജു തന്നെ വഞ്ചിച്ചെന്നും ഷാന്‍ റഹ്‌മാന്‍ പറയുന്നു. ഷാന്‍ റഹ്മാന്‍റെയും ഭാര്യയുടെയും ഇവരുടെ സ്ഥാപനത്തിന്‍റെ പേരിലുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണ രൂപം;

ജനുവരി 25ന് നടന്ന ഉയിരേ – ഷാന്‍ റഹ്‌മാന്‍ ലൈവ് ഇന്‍ കോണ്‍സെര്‍ട് – പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്തുതകളെ അഭിസംബോധന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. തുടക്കത്തില്‍ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റര്‍ നിജു രാജ് അബ്രഹാം (അറോറ എന്റര്‍ടൈന്‍മെന്റ്) എന്നയാളുമായി ഉണ്ടായ തര്‍ക്കമാണ്. ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലൈന്റ്റ്റ് ഫയല്‍ ചെയ്തു. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലെ കീഴില്‍ ഇപ്പോള്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തുടക്കം മുതലേ ഞങ്ങള്‍ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലര്‍ത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയില്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

എങ്കിലും മിസ്റ്റര്‍ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാന്‍ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്. ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റില്‍മെന്റിനു പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങള്‍ക്ക് ഉറച്ച വിശ്വാസം ഉണ്ട്-ആയതിനാല്‍ എല്ലാ ആരോപണങ്ങളെയും ശക്തമായി നിഷേധിക്കുന്നു.

നിയമ വിദഗ്ധര്‍ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയില്‍ പൂര്‍ണ വിശ്വാസം ഉള്ളതിനാല്‍ സത്യം ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പ്രേക്ഷകരും, ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഞങ്ങള്‍ നന്ദി രേഖപ്പെടുത്തുന്നു. വസ്തുതകള്‍ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്ന് ഞങ്ങള്‍ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങള്‍ പങ്കിടുന്ന കൂടുതല്‍ അപ്‌ഡേറ്റുകള്‍ക്കായി ദയവായി കാത്തിരിക്കുക.

Share This Post
Exit mobile version