
ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50 രൂപ കൂട്ടി. 803 രൂപ നൽകിയിരുന്ന സിലിണ്ടറിന് ഇനി മുതൽ 853 രൂപ നൽകണം. രണ്ടാഴ്ചയിലൊരിക്കൽ എൽപിജി വില പുനപരിശോധിക്കുമെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി.
പ്രധാനമന്ത്രി ഉജ്വല പദ്ധതിപ്രകാരമുള്ള എൽപിജി വിലയിലും 50 രൂപ കൂടും. നിലവിൽ 500 രൂപ നൽകിയിരുന്ന ഉപഭോക്താക്കൾ 550 രൂപ നൽകേണ്ടി വരും.
പെട്രോളിൻറെയും ഡീസലിൻറെയും എക്സൈസ് തീരുവയും നേരത്തെ കേന്ദ്ര സർക്കാർ വർധിപ്പിച്ചിരുന്നു. ലിറ്ററിന് രണ്ട് രൂപയാണ് കൂട്ടിയത്. അതേസമയം എക്സൈസ് ഡ്യൂട്ടിയിലുള്ള വർധനവ് ചില്ലറ വിൽപ്പന വിലയെ ബാധിക്കില്ലെന്ന് ഓയിൽ മന്ത്രാലയം വ്യക്തമാക്കി.
വർധിപ്പിച്ച എക്സൈസ് ഡ്യൂട്ടി രാജ്യാന്തര എണ്ണവിലയിലുണ്ടായ കുറവുമായി പെരുത്തപ്പെടുന്നതിനാലാണ് ചില്ലറവിലയെ ബാധിക്കാത്തത്. എണ്ണ വില വർധിക്കില്ലെന്ന് പൊതുമേഖലാ എണ്ണ കമ്പനികളും വ്യക്തമാക്കി. രാജ്യാന്തര എണ്ണവിലയിലെ തുടർച്ചയായ ഏറ്റക്കുറച്ചിലുകൾക്കിടെ വരുമാനം വർധിപ്പിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം.