Press Club Vartha

ബില്ലുകളിൻമേൽ രാഷ്ട്രപതിക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീം കോടതി

ന്യൂഡൽഹി: രാഷ്ട്രപതി ബില്ലുകൾ അംഗീകരിക്കുന്നതിനോ തിരികെ അയക്കുന്നതിനോ മൂന്ന് മാസത്തെ കാലാവധി നിശ്ചയിച്ച് സുപ്രീം കോടതി. ബില്ലുകളുടെ അംഗീകാരം വൈകുന്നത് ഭരണഘടനാപരമായ പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിർദേശം. തമിഴ്നാട് ഗവർണ്ണർക്ക് എതിരായ കെസിലെ വിധിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഇതാദ്യമായാണ് നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ രാഷ്ട്രപതിക്ക് സുപ്രീം കോടതി സമയംപരിധി നിശ്ചയിക്കുന്നത്.
സംസ്ഥാന നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുമ്പോൾ, അവയിൽ തീർപ്പ് കല്പിക്കാൻ അനന്തമായി വൈകുന്നത് ജനാധിപത്യ പ്രക്രിയയെ ബാധിക്കുമെന്ന് കോടതി വിലയിരുത്തി. “ബില്ലുകൾ അനന്തമായി തടഞ്ഞുവയ്ക്കാൻ രാഷ്ട്രപതിക്ക് അവകാശമില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 200, 201 പ്രകാരം നിശ്ചിത കാലയളവിനുള്ളിൽ തീരുമാനമെടുക്കേണ്ടത് അനിവാര്യമാണ്,” കോടതി വ്യക്തമാക്കി.

സംസ്ഥാന നിയമസഭകൾ പാസാക്കിയ ബില്ലുകൾ ഗവർണർമാർ രാഷ്ട്രപതിക്ക് അയച്ച ശേഷം, അവയിൽ തീർപ്പ് കല്പിക്കാതെ വർഷങ്ങളോളം വൈകുന്ന സാഹചര്യം ഹർജികളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

“നിശ്ചിത കാലാവധിക്കുള്ളിൽ രാഷ്ട്രപതി തീരുമാനമെടുക്കുന്നില്ലെങ്കിൽ, അത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുർബലപ്പെടുത്തും,” കോടതി അഭിപ്രായപ്പെട്ടു. മൂന്ന് മാസത്തിനുള്ളിൽ ബില്ലുകൾ അംഗീകരിക്കുകയോ, തിരികെ അയക്കുകയോ, അല്ലെങ്കിൽ നിരസിക്കുകയോ ചെയ്യണമെന്ന് കോടതി നിർദേശിച്ചു. ഇതിനായി വ്യക്തമായ മാർഗനിർദേശങ്ങൾ രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയും കോടതി ഊന്നിപ്പറഞ്ഞു.

Share This Post
Exit mobile version