Press Club Vartha

ഇന്ന് വിഷു; പ്രത്യാശയുടെ പൊന്‍കണി ഒരുക്കി മലയാളികൾ

തിരുവനന്തപുരം: ഐശ്വര്യത്തിന്‍റേയും കാർഷിക സമൃദ്ധിയുടേയും ഓർമകളുമായി വീണ്ടും ഒരു വിഷു ദിനം വന്നെത്തി. ലോകമെമ്പാടുമുള്ള മലയാളികൾ പൊന്‍കണിയൊരുക്കി വിഷുവിനെ വരവേറ്റു. ഓട്ടുരുളിയിൽ കണിക്കൊന്നയും കണിവെള്ളരിയും മറ്റു ഫലങ്ങളും പച്ചക്കറികളും നിറച്ച് അതോടൊപ്പം ഉണ്ണിക്കണ്ണനെയും ഒരുക്കി മലയാളികൾ പുലർച്ചെ കണി കണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്.

ഓണം കഴിഞ്ഞാൽ മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. വിഷുക്കണി ഒരുക്കുക, കണി കാണുക, കൈനീട്ടം വാങ്ങുക, പുതു വസ്ത്രങ്ങൾ ധരിക്കുക, കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്നു വിഷു സദ്യ കഴിക്കുക തുടങ്ങിയവയാണ് വിഷുവിന്റെ പ്രധാന ചടങ്ങുകൾ.

വിഷു ഓരോ മലയാളിക്കും പുതുവര്‍ഷാരംഭമാണ്. മലയാളമാസം മേടം ഒന്നിനാണ്‌ വിഷു ആഘോഷിക്കുന്നത്. രാവും പകലും തുല്യമായ ദിവസമാണ് വിഷു‌ എന്ന പ്രത്യേകതയുമുണ്ട്. മാത്രമല്ല വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ്‌ വിശ്വാസം.

വിഷുവിനു ദിവസങ്ങൾക്ക് മുന്നേ തന്നെ കണി ഒരുക്കാനുള്ള സാധനങ്ങൾ നമ്മുടെ തൊടിയിൽ നിന്ന് പ്രത്യേകം എടുത്തുവയ്ക്കാൻ തുടങ്ങും. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക.

കണി കണ്ടതിനു ശേഷം കൈനീട്ടം നൽകുന്നതാണ് അടുത്ത ഘട്ടം. വർഷം മുഴുവനും സമ്പൽ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. തുടർന്ന് സദ്യ ഒരുക്കലും മറ്റു കളികളുമായി ഈ ദിവസം ഏറെ സന്തോഷത്തോടെ കടന്നു പോകും.

Share This Post
Exit mobile version