Press Club Vartha

മുതലപ്പൊഴി പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യും

തിരുവനന്തപുരം: മുതലപ്പൊഴി അപകടത്തെ തുടര്‍ന്ന് പൊഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ മെയ് 15നകം പൂര്‍ണമായും നീക്കം ചെയ്യുമെന്ന് ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സംസ്ഥാന ന്യൂനപക്ഷ കമ്മീഷനെ അറിയിച്ചു. ചാനലില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്ന പ്രവൃത്തി തുടര്‍ന്നുവരുന്നതായും ഒരാഴ്ചയ്ക്കുള്ളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം നടത്തുന്നതിനാവശ്യമായ സാഹചര്യം സൃഷ്ടിക്കുമെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ വ്യക്തമാക്കി.

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ തിരുവനന്തപുരത്തെ കമ്മീഷന്‍ ആസ്ഥാനത്തെ കോര്‍ട്ട് ഹാളില്‍ നടന്ന സിറ്റിംഗില്‍ മുതലപ്പൊഴി അപകടപരമ്പരയെ തുടര്‍ന്ന് കമ്മീഷന്‍ സ്വമേധയാ എടുത്ത കേസിലായിരുന്നു അധികൃതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ചെയര്‍മാന്‍ അഡ്വ. എ.എ റഷീദ് ഹര്‍ജികള്‍ പരിഗണിച്ചു. തെക്കുഭാഗത്ത് നിന്നുള്ള മണല്‍ നീക്കം കൂടുതലായതിനാല്‍ മണ്‍സൂണ്‍ കാലത്തെ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി കേരള മാരിടൈം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള ഡ്രഡ്ജര്‍ മുതലപ്പൊഴിയില്‍ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും അധികൃതര്‍ വ്യക്തമാക്കി.

മുതലപ്പൊഴി അഴിമുഖത്ത് നിന്നും ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്യുന്ന മണ്ണ് കേരള മിനറല്‍സ് ഡെവലെപ്മെന്റ് കോര്‍പ്പറേഷന് നല്‍കുന്നതിനുള്ള പ്രൊപ്പോസല്‍ അംഗീകാരത്തിനായി സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരുന്നതായും അംഗീകാരം ലഭ്യമാകുന്ന മുറയ്ക്ക് മണ്ണ് നീക്കം ആരംഭിക്കുന്നതാണെന്നും അധികൃതര്‍ കമ്മീഷനെ ധരിപ്പിച്ചു.

പുലിമുട്ടിന്റെ നീളം വര്‍ധിപ്പിക്കുന്ന പ്രവൃത്തിക്കുള്ള കരാര്‍ ഈ മാസം തന്നെ ഒപ്പിട്ട് ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കുമെന്നും പെരുമാതുറ, താഴംപള്ളി ഭാഗങ്ങളിലെ ഹാര്‍ബറിനുള്ളിലെ പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നതായും ഫിഷറീസ് വകുപ്പ് കമ്മീഷനെ അറിയിച്ചു.

Share This Post
Exit mobile version