
വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പ ഇനി ഓർമ്മ. ഇന്ത്യൻ സമയം രാവിലെ 11 മണിയോടെയാണ് മാർപാപ്പ ഇഹലോക വാസം വെടിഞ്ഞത്. 88 വയസായിരുന്നു. വത്തിക്കാനിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. ഏറെ നാളത്തെ ആശുപത്രി വാസത്തിനു ശേഷം വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
വത്തിക്കാൻ കാമർലെംഗോ കർദ്ദിനാൾ കെവിൻ ഫെറൽ ആണ് വിവരം പുറത്ത് വിട്ടത്. പ്രാദേശിക സമയം പുലർച്ചെ 7:35 നായിരുന്നു അന്ത്യം. ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായിരുന്നു. കർദ്ദിനാൾ ബെർഗോളിയോ എന്നതാണ് യഥാർത്ഥ പേര്. 266-ാമത്തെ മാർപാപ്പയായിരുന്നു. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്സ് രൂപതയുടെ തലവനായിരുന്നു അദ്ദേഹം. ലാളിത്യം, ദരിദ്രരോടുള്ള അനുകമ്പ, സാമൂഹിക നീതിക്കായുള്ള പ്രതിബദ്ധത എന്നിവയിൽ ഊന്നിയതായിരുന്നു അദ്ദേഹത്തിൻറെ ജീവിതം.