Press Club Vartha

അതിവേഗം മുന്നേറി വിഷു ബമ്പർ ഭാഗ്യക്കുറി

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ഈ വർഷത്തെ വിഷു ബമ്പർ ഭാഗ്യക്കുറിക്ക് വിപണിയിൽ വൻ ഡിമാൻഡ്. 12 കോടി രൂപ ഒന്നാം സമ്മാനമായി നൽകുന്ന വിഷു ബമ്പർ ടിക്കറ്റ് ഏപ്രിൽ രണ്ടിനാണ് വില്പനക്കെത്തിയത്. വിപണിയിൽ എത്തിയ 24 ലക്ഷം ടിക്കറ്റുകളിൽ 22,70,700 ടിക്കറ്റുകൾ ഇന്ന് (ഏപ്രിൽ-23) വൈകീട്ട് നാലു മണിക്കുള്ളിൽ വിറ്റു പോയിട്ടുണ്ട്. രണ്ടാം സമ്മാനമായി ഒരു കോടി വീതം ആറു പരമ്പരകൾക്കും നൽകുന്നത് ഇത്തവണത്തെ വിഷു ബമ്പറിന്റെ പ്രത്യേകതയാണ്.

പതിവുപോലെ വില്പനയിൽ റെക്കോർഡിട്ടിരിക്കുന്നത് പാലക്കാട് (4,87,060) ജില്ലയാണ്. തിരുവനന്തപുരം (2,63,350), തൃശൂർ (2,46,290) എന്നീ ജില്ലകൾ പിന്നിലായുണ്ട്. മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറു പരമ്പരകൾക്കും നാലാം സമ്മാനമായി അഞ്ചു ലക്ഷം വീതം ആറു പരമ്പരകൾക്കും നൽകുന്നുണ്ട്. കൂടാതെ 5000 ൽ തുടങ്ങി ടിക്കറ്റു വിലയായ 300 രൂപ വരെ സമ്മാന പട്ടികയിലുണ്ട്. വിഷു ബമ്പർ (BR-103) മെയ് 28 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുക്കുന്നത്.

Share This Post
Exit mobile version