
ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ ബംഗളൂരുവിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 9 വർഷം ഇസ്രോയുടെ മേധാവിയായിരുന്നു അദ്ദേഹം. 1994 മുതൽ 2003 വരെയായിരുന്നു അദ്ദേഹത്തിന്റെ കാലാവധി.
ഐ.എസ്.ആർ.ഒയുടെ നിരവധി ഗവേഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അദ്ദേഹം ഐ.എസ്.ആർ.ഒ ചെയർമാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. ഇൻസാറ്റ്, പിഎസ്എൽവി, ജിഎസ്എൽവി സാറ്റലൈറ്റുകളുടെ വികസനം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. പത്മശ്രീ(1982), പത്മഭൂഷൺ(1992), പത്മ വിഭൂഷൺ(2000) എന്നീ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ച് ഗാഡ്ഗിൽ സമർപ്പിച്ച റിപ്പോർട്ട് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതിയുടെ ചെയർമാനായിരുന്നു കസ്തൂരിരംഗൻ. 2003 മുതൽ 2009 വരെ രാജ്യസഭാ എംപിയായിരുന്നു.