
കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിയോഗം. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ആയിരുന്നു അന്ത്യം. സംസ്കാരം ഇന്ന് 4 മണിക്ക് നടക്കും.
1932 ഓഗസ്റ്റ് 20 നു് പൊന്നാനിയിൽ ജനനം.1970 മുതൽ 1992 ൽ വിരമിക്കുന്നതു വരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. കോമൺവെൽത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, സ്കൂൾ ഓഫ് ഓറിയന്റൽ, ആഫ്രിക്കൻ സ്റ്റഡീസ്, യൂണിവേഴ്സിറ്റി ഓഫ് ലണ്ടൻ (1974 –75); വിസിറ്റിംഗ് ഫെലോ, മോസ്കോ, ലെനിൻഗ്രാഡ് സർവകലാശാലകൾ (1991); വിസിറ്റിംഗ് റിസർച്ച് പ്രൊഫസർ, ടോക്കിയോ യൂണിവേഴ്സിറ്റി ഓഫ് ഫോറിൻ സ്റ്റഡീസ്, ടോക്കിയോ (1994-95). ഫസ്റ്റ് മെംബർ സെക്രട്ടറിയായും (1990–92) ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ചെയർമാനായും (2001–03) സേവനമനുഷ്ഠിച്ചു.
ദേശീയമായും അന്തർദ്ദേശീയമായും അറിയപ്പെടുന്ന ചുരുക്കം ചില തെന്നിന്ത്യൻ ചരിത്രകാരന്മാരിൽ ഒരാളാണ് എം. ജി.എസ് പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ ചരിത്രത്തിലെ കേരള ചരിത്രത്തിലെ പണ്ഡിതനാണ് അദ്ദേഹം. കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു.