Press Club Vartha

സംവിധായകൻ ഷാജി എൻ കരുൺ അന്തരിച്ചു

തിരുവനന്തപുരം: സിനിമ സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ(73) അന്തരിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരത്തെ പിറവി എന്ന വീട്ടിൽ വച്ചായിരുന്നു അന്ത്യം.

ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു മരണം. കെഎസ്എഫ്ഡിസിയുടെ ചെയർമാനായി പ്രവർത്തിച്ചിരുന്ന കാലയളവിലും അദ്ദേഹം ചികിത്സയുടെ ഭാഗമായിരുന്നു. 40 ഓളം സിനിമകൾക്ക് അദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്.

പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നതാണ്. കൊല്ലം ജില്ലയിൽ കണ്ടചിറയിൽ എൻ. കരുണാകരന്റേയും ചന്ദ്രമതിയുടേയും മൂത്ത പുത്രനായിട്ടാണ് ഷാ‍ജി ജനിച്ചത്.

കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്. 2011 ലെ പത്മശ്രീ അവാർഡിനർഹനായി.

Share This Post
Exit mobile version