Press Club Vartha

തൃശ്ശൂര്‍ പൂരത്തിന് എല്ലാവിധ ക്രമീകരണങ്ങളും സജ്ജം; ജില്ലാ കളക്ടര്‍

തൃശൂർ: തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ അധ്യക്ഷതയില്‍ വകുപ്പ് മേധാവികളുടെയും ദേവസ്വം അധികൃതരുടെയും യോഗം ചേര്‍ന്നു. വിവിധ വകുപ്പുകളുടെ പൂരം മുന്നൊരുക്കം യോഗം വിലയിരുത്തി. ഘടക പൂരങ്ങള്‍ സമയക്രമം പാലിച്ച് നടത്തണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

പൂരത്തിനോടനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം, ക്രമസമാധാനം, ആവശ്യമായ ആംബുലന്‍സ്, സ്ട്രച്ചറുകള്‍ എന്നിവയും മെഡിക്കല്‍ – പോലീസ് – ഫയര്‍ഫോഴ്സ് സംഘത്തിന്റെ വിന്യാസവും യോഗം വിലയിരുത്തി. പൂരം ദിവസങ്ങളില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. പൂരം വ്യാജ പാസുകള്‍ക്കെതിരെ കര്‍ശ്ശനമായ നടപടി സ്വീകരിക്കും. ശുചിത്വമിഷന്റെ നേതൃത്വത്തില്‍ നിശ്ചിത അകലത്തില്‍ ബോട്ടില്‍ ബൂത്തുകളും വേസ്റ്റ് ബിന്നുകളും സ്ഥാപിക്കും. ആവശ്യത്തിന് ഇ-ടോയ്‌ലറ്റുകള്‍ ഒരുക്കും.

കളക്ടറേറ്റ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, എ.ഡി.എം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം അധികൃതര്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കളക്ട്രേറ്റിലെ യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യനും ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരും പൂരം നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തി. പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ വെടിക്കെട്ട് നടക്കുന്ന സ്ഥലവും ഇലഞ്ഞിത്തറമേളം നടക്കുന്ന സ്ഥലവും വിവിധ പവലിയനുകളും കളക്ടറും സംഘവും സന്ദര്‍ശിച്ചു. തൃശ്ശൂര്‍ പൂരത്തിന് എല്ലാവിധ ക്രമീകരണങ്ങളും സജ്ജമാണെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പറഞ്ഞു. സന്ദര്‍ശനത്തില്‍ ജില്ലാ കളക്ടരോടൊപ്പം സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ, എ.ഡി.എം ടി. മുരളി, സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, വിവിധ വകുപ്പ് മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരും സന്നിഹിതരായിരുന്നു.

 

Share This Post
Exit mobile version