
ഡൽഹി: ജഡ്ജിമാരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിട്ട് സുപ്രീംകോടതി. ആദ്യഘട്ടത്തിൽ 33 ജഡ്ജിമാരിൽ 21 പേരുടെ സ്വത്തുവിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. സുതാര്യത ഉറപ്പുവരുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് നടപടി. ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ സുപ്രീംകോടതി വെബ്‌സൈറ്റിലാണ് പ്രസിദ്ധീകരിച്ചത്.
സുപ്രീംകോടതി ജഡ്ജിമാരെ കൂടാതെ, ഹൈക്കോടതി ജഡ്ജിമാരുടെ നിയമന വിവരങ്ങളും സുപ്രീംകോടതി പുറത്തുവിട്ടിട്ടുണ്ട്. 2022 നവംബര്‍ ഒന്‍പത് മുതല്‍ 2025 മെയ് അഞ്ച് വരെയുള്ള നിയമന വിവരങ്ങളാണ് പുറത്തുവിട്ടത്.
മുതിര്‍ന്ന അഭിഭാഷകനായിരുന്ന കെ.വി. വിശ്വനാഥനാണ് ജഡ്ജിമാരില്‍ സമ്പന്നന്‍. 120.96 കോടി രൂപയാണ് നിക്ഷേപമാണ് കെ വി വിശ്വനാഥനുള്ളത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ഒന്നര കോടിയുടെ നിക്ഷേപമാണുള്ളത്. ജസ്റ്റിസ് വിനോദ് ചന്ദ്രന് മ്യൂച്ചൽ ഫണ്ടിൽ 7.94 ലക്ഷം നിക്ഷേപവും ബാങ്ക് അക്കൗണ്ടിൽ 6 ഏക്കർ ഭൂമിയും 6 ലക്ഷം രൂപയും ഉണ്ടെന്നാണ് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നത്.
വനിതാ ജഡ്ജിമാരിൽ ജസ്റ്റിസ് ബേല എം ത്രിവേദിയുടെ സ്വത്ത് വിവരങ്ങൾ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 12 ജഡ്ജിമാരുടെ സ്വത്തു വിവരങ്ങളാണ് ഇനി പുറത്തു വിടാനുള്ളത്. ജഡ്ജിമാരുടെ സ്വത്തുവിവരങ്ങള്‍ പരസ്യപ്പെടുത്താനുള്ള ഏപ്രില്‍ ഒന്നിലെ തീരുമാനപ്രകാരമാണ് ഇന്നലെ രാത്രിയോടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.