Press Club Vartha

പ്ലസ് വൺ പ്രവേശനത്തിന് മേയ് 14 മുതൽ അപേക്ഷകൾ സമർപ്പിക്കാം

Admission concept on keyboard button, 3D rendering

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള  അപേക്ഷകൾ മേയ് 14 മുതൽ ഓൺലൈനായി സമർപ്പിക്കാമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സ്വന്തമായോ,അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ ഗവണ്മെന്റ്,എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അപേക്ഷ സമർപ്പിക്കുന്നതിന് പ്രയോജനപ്പെടുത്താം. അവസാന തീയതി  മേയ് 20. മേയ് 24 ന്   ട്രയൽ അലോട്ട്‌മെന്റും ജൂൺ 2 ന് ആദ്യ അലോട്ട്മെന്റും ജൂൺ 10 ന് രണ്ടാം അലോട്ട്മെന്റും ജൂൺ 16 ന് മൂന്നാം അലോട്ട്‌മെന്റും നടക്കുമെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം  സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ജൂൺ 18 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുൻ വർഷം ക്ലാസ്സുകൾ ആരംഭിച്ചത് ജൂൺ 24 ന് ആയിരുന്നു. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി ജൂലൈ 23 ന് പ്രവേശന നടപടികൾ പൂർത്തിയാക്കും.

പട്ടിക ജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ആറ് മോഡൽ റെസിഡെൻഷ്യൽ ഹയർസെക്കണ്ടറി സ്‌കൂളുകളിലെ പ്രവേശനം ഈ വർഷം മുതൽ ഏകജാലക സംവിധാനത്തിലൂടെ ആയിരിക്കും. ഈ സ്‌കൂളുകളിലേയ്ക്ക് ഒറ്റ അപേക്ഷ ഓൺലൈനായി സ്വീകരിച്ച് നിർദ്ദിഷ്ട ഷെഡ്യൂൾ പ്രകാരം അലോട്ട്‌മെന്റ് പ്രക്രിയയിലൂടെ പ്രവേശനം സാധ്യമാക്കുന്നതാണ്. ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്‌പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്‌പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

Share This Post
Exit mobile version