Press Club Vartha

ഓപ്പറേഷൻ സിന്ദൂർ; ഇന്ത്യൻ സേനയുടെ നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്

ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. നമ്മുടെ സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്നും ജയ്ഹിന്ദ് എന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. ജയ്ഹിന്ദ് എന്ന് പറഞ്ഞുകൊണ്ടാണ് ശശി തരൂര്‍ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെ സ്വാഗതം ചെയ്തുകൊണ്ട് എക്സിൽ കുറിച്ചത്.

അതേസമയം സേനയില്‍ അഭിമാനിക്കുന്നുവെന്നും ഭീകരതക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസ് സേനയ്ക്കും സര്‍ക്കാരിനുമൊപ്പമെന്നും ഖര്‍ഗെ വ്യക്തമാക്കി. ദേശീയ ഐക്യവും ഐക്യദാർഢ്യവുമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് നമ്മുടെ സായുധ സേനയ്‌ക്കൊപ്പം നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ദേശീയ താൽപ്പര്യമാണ് തങ്ങൾക്ക് പരമപ്രധാനമെന്നും ഖർഗെ എക്സിൽ കുറിച്ചു.

തീവ്രവാദത്തിനുള്ള ശക്തമായ മറുപടിയാണെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണതിനെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ നയമായി ഈ നീക്കം മാറണമെന്നും ജയ്റാം രമേശ് പറഞ്ഞു.

Share This Post
Exit mobile version