Press Club Vartha

ഗ്യാസ് ലീക്ക്, തീപിടുത്തം; തലസ്ഥാനത്ത് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത്

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ടൈറ്റാനിയം പ്രൈവറ്റ് ലിമിറ്റഡ് (ടിടിപിഎല്‍), കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എന്നിവരുമായി സഹകരിച്ച് തലസ്ഥാനത്ത് ദുരന്ത നിവാരണ മോക്ഡ്രില്‍ സംഘടിപ്പിച്ച് കിംസ്‌ഹെല്‍ത്ത് തിരുവനന്തപുരം. ടിടിപിഎല്ലിലും കിന്‍ഫ്ര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലും ഏതെങ്കിലും പ്രത്യേക സാഹചര്യങ്ങളില്‍ സംഭവിക്കാന്‍ സാധ്യതയുള്ള ഗ്യാസ് ലീക്ക്, തീപിടുത്തം എന്നീ സാഹചര്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാം എന്നതിന്റെ പരിശീലനമായിരുന്നു മോക്ഡ്രില്‍.

അപകട ബാധിതര്‍ക്കേറ്റ പരിക്കിന്റെ ആഘാതമനുസരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ചാണ് മോക്ക്ഡ്രില്ലില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്. 21 പേരില്‍ 8 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റതിനാല്‍ അവരെ ‘റെഡ്’ വിഭാഗത്തിലും, 7 പേര്‍ക്ക് അടിയന്തിര പരിചരണം ആവശ്യമായതിനാല്‍ ‘യെല്ലോ’ വിഭാഗത്തിലും, ചെറിയ പരിക്കുകള്‍ മാത്രമുള്ള 5 പേരെ ‘ഗ്രീന്‍’ വിഭാഗത്തിലും ഉള്‍പ്പെടുത്തി. സംഭവസ്ഥലത്തേക്ക് മെഡിക്കല്‍ സംഘം എത്തുന്നതിന് മുന്‍പായിത്തന്നെ ഒരു വ്യക്തി അപകടത്തില്‍ മരണപ്പെട്ടിരുന്നു, അതിനാല്‍ ആ വ്യക്തിയെ ‘ബ്ലാക്ക്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. കിംസ്‌ഹെല്‍ത്തിലെ വിവിധ മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാര്യക്ഷമമായ ഏകോപനം നടത്തുകയും ചെയ്തു.

തുടര്‍ന്ന് നടന്ന ബ്രീഫിംഗ് യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കേരള പോലീസ് മുന്‍ ഡിജിപി രമൺ ശ്രീവാസ്തവ, ടിടിപിഎല്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനോദ് ആര്‍, ടിടിപിഎല്‍ എച്ച്.എസ്.ഇ മാനേജര്‍ അനില്‍ ജി.ടി., ടിടിപിഎല്‍ ഡി.എം. മനു, കിന്‍ഫ്ര സി.ഇ.ഒ. ജീവ ആനന്ദന്‍, ജില്ലാ ബോയിലര്‍ ഇന്‍സ്‌പെക്ടര്‍ പ്രെജി, കെ.എഫ്.ആര്‍.എസില്‍ നിന്ന് അനീഷ് എന്നിവരും കിംസ്‌ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, എമര്‍ജന്‍സി മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റും ക്ലിനിക്കൽ ഡയറക്ടറുമായ ഡോ. ഷമീം കെ.യു, മറ്റ് ആശുപത്രി പ്രതിനിധികളും അവലോകനയോഗത്തില്‍ പങ്കെടുത്തു.

“രാജ്യം ഇപ്പോൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തിൽ, ഓരോ സ്ഥാപനവും ദുരന്ത നിവാരണത്തിനായുള്ള മോക്ഡ്രിൽ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ദുരന്തങ്ങൾ എവിടെയും എപ്പോഴും സംഭവിക്കാം. അതിനാൽ നാമെല്ലാവരും ജാഗരൂകരും ശ്രദ്ധാലുക്കളുമായിരിക്കണം”, ഡോ. എം.ഐ സഹദുള്ള അവലോകനയോഗത്തിൽ സംസാരിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കിംസ്‌ഹെൽത്തിലെ മെഡിക്കൽ സംഘം എപ്പോഴും സജ്ജമാണെന്നും അടിയന്തര സഹായം ആവശ്യമുള്ളവർക്ക് 0471-2941105 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share This Post
Exit mobile version