Press Club Vartha

തലസ്ഥാന നഗരിയിൽ ഫാഷന്റെ മാറ്റുരയ്ക്കാൻ തിരുവനന്തപുരം ലുലുമാൾ സജ്ജമാകുന്നു

തിരുവനന്തപുരം: ആഗോള ബ്രാൻ‌ഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച്, ഫാഷൻ ലോകത്തെ വിസ്മയക്കാഴ്ചകളുമായി ലുലു ഫാഷൻ വീക്കിന് നാളെ തുടക്കമാകും. 2025 മെയ് 15 മുതൽ 18 വരെ നടക്കുന്ന ലുലു ഫാഷൻ വീക്ക്, ഫാഷൻ പ്രേമികൾക്ക് ഒരു വിഷ്വൽ വിരുന്ന് ഒരുക്കുകയാണ്. നാലുദിവസം നീളുന്ന പരിപാടിയിൽ ഏറ്റവും പുതിയ ഫാഷൻ ട്രെൻഡുകളും ഡിസൈനുകളും പ്രദർശിപ്പിക്കുന്നതിനൊപ്പം പ്രശസ്ത ബ്രാൻഡുകളുടെ കളക്ഷനുകളും അവതരിപ്പിക്കും.

ലുലു ഫാഷൻ വീക്കിന്റെ തിരുവനന്തപുരത്തെ മൂന്നാമത്തെ എഡിഷനാണ് ഇത്തവണ നടക്കുന്നത്. ഫാഷൻ ലോകത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ തിരുവനന്തപുരത്തെ ജനങ്ങളിലേക്ക് എത്തിക്കുകയാണ് ഫാഷൻ വീക്കിലൂടെ തിരുവനന്തപുരം ലുലുമാൾ ലക്ഷ്യമിടുന്നത്. ഫാഷന്‍ ലോകത്തെ ട്രെന്‍ഡുകളും മാറ്റങ്ങളും പുതുമകളും ചര്‍ച്ച ചെയ്യുന്ന ഫാഷന്‍ ഇന്‍ഫ്ലുവൻസര്‍ ടോക് ഷോയും സംഘടിപ്പിച്ചിട്ടുണ്ട്. വസ്ത്രാലങ്കാര മേഖലയുടെ പുതിയ പ്രതീക്ഷയുടെയും പരീക്ഷണത്തിന്റെയും ഒരു ഇവന്റായി ലുലു ഫാഷൻ വീക്ക് മാറും. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം, ഈ ദിവസങ്ങളിൽ ഫാഷൻ വൈവിധ്യങ്ങളുടെ തലസ്ഥാനമാകാൻ പോവുകയാണ്.

യു എസ് പോളോയാണ് ഫാഷന്‍ വീക്കിന്റെ പ്രധാന സ്പോൺസർ. അമുക്തിയാണ് പവേര്‍ഡ് ബൈ പാര്‍ട്ട്ണര്‍. മറ്റു പ്രമുഖ ബ്രാന്റുകളും ഫാഷൻ വീക്കിന്റെ ഭാഗമാകുന്നുണ്ട്. ലോകോത്തര ഫാഷൻ ഡിസൈനർമാരുടെ സാന്നിധ്യം ഇവന്റിനെ ശ്രദ്ധേയമാക്കും.

രാജ്യത്തെ പ്രശസ്തരായ ഫാഷന്‍ ഡിസൈനര്‍മാരും മോഡലുകളും അണിനിരക്കുന്ന ലുലു ഫാഷന്‍വീക്ക്, ഫാഷൻ ലോകത്തെ സമാനതകളില്ലാത്ത കാഴ്ചാനുഭവമാകും വരും ദിവസങ്ങളിൽ തിരുവനന്തപുരത്തിന് സമ്മാനിക്കുക. വിവിധ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ പ്രമുഖ മോഡലുകള്‍ റാംപില്‍ ചുവടുവയ്‌ക്കും.
എല്ലാ ദിവസവും വൈകിട്ട് നാലുമണിക്കാണ് ഫാഷൻ ഷോ ആരംഭിക്കുന്നത്. നാലുദിവസങ്ങളിലായി 28 ഷോകളുണ്ടാകും. ഇന്ത്യയിലെ പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ഷാംഖാൻ ആണ് ഷോ ഡയറക്ടർ.
ഫാഷൻ വീക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ലുലുമാളിൽ പ്രമുഖ ബ്രാന്റുകൾ വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Share This Post
Exit mobile version