
തിരുവനന്തപുരം: ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ രക്തം കട്ട പിടിച്ച് ഓക്‌സിജന്‍ ലെവല്‍ അപകടകരം വിധം താഴ്ന്ന തമിഴ്നാട് സ്വദേശിയില്‍ സങ്കീര്‍ണ്ണ ശസ്ത്രക്രിയ വിജയകരം. രക്തം കട്ടപിടിച്ച് ശ്വാസകോശ ധമനികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന ക്രോണിക് ത്രോംബോഎംബോളിക് പള്‍മണറി ഹൈപ്പര്‍ടെന്‍ഷനുള്ള പള്‍മണറി ത്രോംബോഎന്‍ഡാര്‍ട്ടെറെക്ടമി ശസ്ത്രക്രിയയാണ് തിരുവനന്തപുരം കിംസ്‌ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം വിജയകരമായി പൂര്‍ത്തിയാക്കിയത്.
49 വയസ്സുകാരിയായ രോഗി ഡീപ് വെയിന്‍ ത്രോംബോസിസ് എന്ന രോഗാവസ്ഥയ്ക്ക് ചികിത്സയിലിരിക്കെയാണ് കടുത്ത ശ്വാസതടസ്സവും കാലില്‍ നീര്‍ക്കെട്ടുമായി കിംസ്‌ഹെല്‍ത്തില്‍ എത്തുന്നത്. കൊറോണറി ആന്‍ജിയോഗ്രാം പരിശോധനയില്‍ രക്തക്കുഴലുകള്‍ സാധാരണ നിലയിലായിരുന്നുവെങ്കിലും, ഒരു വ്യക്തിയില്‍ സാധാരണയായി 95-നും 100-നും ഇടയില്‍ ഉണ്ടായിരിക്കേണ്ട ഓക്‌സിജന്‍ അളവ് വെറും 80 ശതമാനം മാത്രമായി താഴ്ന്ന് ജീവന് തന്നെ ഭീഷണിയുയര്‍ത്തുന്ന നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ സിടി പള്‍മണറി ആന്‍ജിയോഗ്രാമിലാണ് ശ്വാസകോശത്തിലെ രക്തക്കുഴലുകളില്‍ ബ്ലഡ് ക്‌ളോട്ടുകള്‍ കണ്ടെത്തുന്നത്.
രക്തം കട്ടകെട്ടിയിരിക്കുന്നത് നീക്കം ചെയ്യുന്നതിനായി സങ്കീര്‍ണ്ണമായ പള്‍മണറി ത്രോംബോഎന്‍ഡാര്‍ട്ടെറെക്ടമി ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. ഹാര്‍ട്ട്-ലങ് മെഷീന്റെ സഹായത്തോടെ രോഗിയുടെ ശരീര താപനില 18 ഡിഗ്രി വരെ കുറച്ച് രക്തയോട്ടം നിയന്ത്രിച്ച് ശസ്ത്രക്രിയക്ക് അനുയോജ്യമായ രീതിയില്‍ ശരീരം സജ്ജമാക്കി. തുടര്‍ന്ന് ഇടത്, വലത് പള്‍മണറി ധമനികളിലെ രക്തം കട്ടപിടിച്ചത് നീക്കം ചെയ്തു. ശ്വാസകോശത്തിലെ രക്തം പൂര്‍ണ്ണമായും നീക്കം ചെയ്യുന്നതുവരെ 8 മണിക്കൂറോളം നീണ്ട് നിന്ന ശസ്ത്രക്രിയയുടെ ഓരോ 30 മിനിറ്റിലും രക്തയോട്ടം താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും 30 മിനുറ്റിന് ശേഷം പുനരാരംഭിക്കുകയും ചെയ്തുകൊണ്ടേയിരുന്നു.
‘ശസ്ത്രക്രിയക്ക് ശേഷം രോഗിയെ വിജയകരമായി ഹാര്‍ട്ട്-ലങ് മെഷീനില്‍ നിന്ന് ഐസിയുവില്‍ വെന്റിലേറ്ററിലേക്ക് മാറ്റി. ഒരാഴ്ചയ്ക്ക് ശേഷം ഓക്‌സിജന്‍ സഹായമില്ലാതെ തന്നെ സ്വാഭാവികമായി ശ്വാസമെടുക്കാന്‍ സാധിച്ചതോടെ രോഗിക്ക് വീട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞു. ഇപ്പോള്‍ രോഗിയുടെ ഓക്‌സിജന്‍ അളവ് 95 ശതമാനത്തിലേക്ക് ഉയര്‍ന്ന് സാധാരണ ഗതിയിലായിട്ടുണ്ട്,’ – കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍ പറഞ്ഞു.
കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രമേഷ് നടരാജന്‍, റുമറ്റോളജി & ക്ലിനിക്കല്‍ ഇമ്മ്യൂണോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഭുവനേഷ് എം, റെസ്പിറേറ്ററി മെഡിസിന്‍ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. രോഹിത് എസ്, കാര്‍ഡിയോതൊറാസിക് വിഭാഗം അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. സൈന സൈനുദ്ദീന്‍, അനസ്തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റുമാരായ ഡോ. സുഭാഷ് എസ്, ഡോ. സ്വപ്ന ശശിധരന്‍ എന്നിവരും ചികിത്സയുടെ ഭാഗമായി.