
അഹമ്മദാബാദ്: അഹമ്മദാബാദിൽ തകർന്നുവീണ ബോയിങ് 787 ഡ്രീംലൈനർ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്തി. ബ്ലാക്ക് ബോക്സ് കണ്ടെത്തിയതോടെ അപകടത്തിന്റെ കാരണം കണ്ടെത്താനാകുമെന്നാണ് കരുതുന്നത്. വിമാനത്തിന് എന്തെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചോ എന്നും ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അറിയാനാകുമെന്നാണ് കരുതുന്നത്. മാത്രമല്ല അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റുമാർ സംസാരിച്ചതടക്കം ബ്ലാക്ക് ബോക്സിൽ നിന്ന് കണ്ടെത്താം.
വിമാനത്തിന്റെ പിൻഭാഗം കത്താതിരുന്നതിനാലാണ് വേഗത്തിൽ ബ്ലാക്ക് ബോക്സ് കണ്ടെത്താനായത്.അപകടം നടന്ന് 9 മണിക്കൂറിനു ശേഷമാണ് ബ്ലാക്ക് ബോക്സ് കണ്ടെത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരാണ് കണ്ടെടുത്തത്. അതേസമയം വിമാനം തകര്‍ന്ന് വീണ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാത്താവളത്തിന് സമീപത്തെ സ്ഥലം പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു.
എയർ ഇന്ത്യ സിഇഒ, അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർ അടക്കം പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ദുരന്തഭൂമിയിലെത്തിയ മോദി സ്ഥിതിഗതികൾ വിലയിരുത്തി. 15 മിനിറ്റോളം ദുരന്തഭൂമിയിൽ പ്രധാനമന്ത്രി ചിലവഴിച്ചു. പിന്നാലെ ആശുപത്രിയിലെത്തി പരുക്കേറ്റവരെയും സന്ദർശിച്ചു.