
തിരുവനന്തപുരം: തിരുവനന്തപുരത്ത് മധ്യവയസ്കനെ കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ആര്യങ്കോട് മണ്ഡപത്തിന്‍കടവിലാണ് സംഭവം. തൊട്ടിപ്പാലം ചാനലിന് സമീപം താമസിക്കുന്ന ശ്രീകാന്ത് (47) ആണ് മരിച്ചത്.
വാഴിച്ചിൽ റോഡിൽ ആറടിയോളം താഴ്ചയുള്ള കുഴിയിലാണ് ഇയാളെ കണ്ടെത്തിയത്. എങ്ങനെയാണ് മരിച്ചത് എന്നതില്‍ വ്യക്തതയില്ല. ഇന്നലെ രാത്രി 8 മണിയോടെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു ശ്രീകാന്തെന്ന് ബന്ധുക്കൾ പറഞ്ഞു.
രാവിലെ ഇതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ആര്യങ്കോട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.
