
കഴക്കൂട്ടം: ടെക് സിറ്റിയായി വികസിക്കുന്ന തലസ്ഥാനത്ത് പുതിയ വിനോദസഞ്ചാര കേന്ദ്രം ഒരുങ്ങുന്നു. ടെക്നോസിറ്റിയ്ക്ക് സമീപം അണ്ടൂർക്കോണം ആനത്താഴ്ചിറയിലെ 16.7 ഏക്കർ ഭൂമിയിലാണ് ഇത് നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആനത്താഴ്ചിറയുടെ ഭൂരേഖകൾ ബുധനാഴ്ച വൈകിട്ട് 6ന് ആനത്താഴ്ചിറയിൽ നടക്കുന്ന ചടങ്ങിൽ മന്ത്റി കെ. രാജൻ മന്ത്റി പി.എ.മുഹമ്മദ് റിയാസിന് കൈമാറും. മന്ത്റി ജി ആർഅനിൽഅധ്യക്ഷത വഹിക്കും.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിലുള്ള രാജ്യത്തെ ആദ്യ ഫ്രീഡം പാർക്കും ഇവിടെ സജ്ജമാക്കും. പുത്തൻ ഇന്നൊവേഷനുകളുടെ പ്രദർശനമടക്കമുള്ളവ ഇതിന്റെ ഭാഗമായുണ്ടാകും. ജലാധിഷ്ഠിത സാഹസിക വിനോദസഞ്ചാര പ്രവർത്തനങ്ങൾ, കുട്ടികൾക്കായി പരിസ്ഥിതി സൗഹൃദപാർക്ക്, സൈക്കിൾ സവാരിക്കായി പ്രത്യേക സംവിധാനം എന്നിങ്ങനെ പരിസ്ഥിതിയുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടാതെയുള്ള പദ്ധതികൾക്കാണ് മുൻഗണന.
