
തിരുവനന്തപുരം: ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന കേരള ക്രിക്കറ്റ് ലീഗിലെ (കെസിഎല്‍) കൊച്ചി ബ്ലൂ ടൈഗേഴ്സ്- ട്രിവാന്‍ഡ്രം റോയല്‍സ് മത്സരത്തിന്റെ കളിനിമിഷങ്ങളില്‍ മതിമറന്ന് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികൾ. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആൻഡ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലെ ഇരുനൂറോളം കുട്ടികളാണ് മത്സരം കാണാനെത്തിയത്.
ആദ്യമായി ക്രിക്കറ്റ് കാണുന്നതിന്റെ ആവേശവും പലരിലും പ്രകടമായിരുന്നു. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും ആരവങ്ങളൊടെ ആര്‍പ്പുവിളിച്ച് ഒരു ഉത്സവാന്തരീക്ഷമാണ് കുട്ടികള്‍ തീര്‍ത്തത്.
നേടുന്ന ഓരോ ബൗണ്ടറികള്‍ക്കും വീഴുന്ന ഓരോ വിക്കറ്റിനും നിറഞ്ഞ കയ്യടികളാണ് ഗാലറിയില്‍നിന്ന് ഉയര്‍ന്നു കേട്ടത്. കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി കളിക്കുന്ന ഇന്ത്യന്‍ താരം സഞ്ജു സാംസണിന്റെ കളി നേരില്‍ കാണാനായി എന്ന വലിയ ആഗ്രഹവും സാധിച്ചാണ് കുട്ടികള്‍ മടങ്ങിയത്.
