Press Club Vartha

നിശാഗന്ധിയിൽ സംഗീത വിരുന്നൊരുക്കി ചിന്മയി ശ്രീപദ

തിരുവനന്തപുരം: ഓണാഘോഷങ്ങളുടെ ഭാഗമായി നിശാഗന്ധിയിൽ സംഘടിപ്പിച്ച സംഗീത വിരുന്നിൽ ചിന്മയിയുടെ മധുരഗാനങ്ങൾ ശ്രോതാക്കളെ വിസ്മയിപ്പിച്ചു. തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി വിവിധ ഭാഷകളിൽ അവിസ്മരണീയമായ ഗാനങ്ങൾ സമ്മാനിച്ച ഗായിക, തന്റെ അതുല്യ ശബ്ദ മാധുര്യത്താൽ നിശാഗന്ധിയിലെ പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു.

“ഒരു ദൈവം തന്ത പൂവേ” എന്ന മനോഹര ഗാനത്തിലൂടെ തുടങ്ങിയ ചിന്മയി മലയാളത്തിലെ ജനപ്രിയ ഗാനങ്ങളോടൊപ്പം മറ്റു ഭാഷകളിലെ സിനിമാ ഹിറ്റുകളും മ്യൂസിക് ആൽബങ്ങളിലെ ഗാനങ്ങളും അവതരിപ്പിച്ചു. ചിന്മയിയോടൊപ്പം ശ്രീകാന്ത് ഹരിഹരനും ചേർന്നപ്പോൾ, കുടുംബസമേതം എത്തിയ ആയിരങ്ങൾക്ക് സംഗീതവിരുന്നായി.

തിരുവനന്തപുരത്ത് ആദ്യമായി എത്തിയ ചിന്മയിക്ക് പ്രേക്ഷകർ ഹൃദ്യമായ വരവേൽപ്പാണ് നൽകിയത്. മൂന്നു മണിക്കൂർ നീണ്ടുനിന്ന പരിപാടി, കൈയ്യടികളുടെ തിരമാലകളാൽ ഉത്സവാന്തരീക്ഷമായി.

Share This Post
Exit mobile version