
ഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യംചെയ്തുള്ള ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിപ്പിച്ച് സുപ്രീംകോടതി. നിയമത്തിന് ഭാഗിക സ്റ്റേയ്ക്ക് ഉത്തരവിട്ട് സുപ്രീം കോടതി. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
വഖഫ് ചെയ്യണമെങ്കിൽ 5 വർഷം മുസ്ലിമാകണമെന്ന ഭേദഗതി സ്റ്റേ ചെയ്തു. നിയമം പൂര്‍ണമായും സ്റ്റേ ചെയ്യാനാകില്ലെന്നും അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്നും സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. മുസ്ലിം ഇതര വിശ്വാസിയെയും വഖഫ് ബോർഡ് സിഇഒ ആക്കാം. കേന്ദ്ര വഖഫ് ബോര്‍ഡുകളില്‍ മുസ്ലിം ഇതര അംഗങ്ങളുടെ എണ്ണം നാലില്‍ കൂടരുതെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഇസ്‍ലാം മത വിശ്വാസിയെന്ന് നിയമപരമായി തീരുമാനിക്കുന്നത് വരെയാണ് ഈ ഭേദഗതി സ്റ്റേ ചെയ്തിരിക്കുന്നത്. ഒരു വ്യക്തി ഇസ്ലാം മതം പിന്തുടരുന്നയാളാണോ എന്ന് നിർണ്ണയിക്കുന്നതിനുള്ള നിയമങ്ങൾ സംസ്ഥാന സർക്കാരുകൾ രൂപീകരിക്കുന്നതുവരെ ആ വ്യവസ്ഥ നിലനിൽക്കും. കൂടാതെ അന്വേഷണം നടക്കുമ്പോള്‍ വഖഫ് ഭൂമി അതല്ലാതാകുമെന്ന വ്യവസ്ഥയും സ്റ്റേ ചെയ്തു.
