
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ തിരുമല അനിലിൻെറ സംസ്കാരം ഇന്ന് നടക്കും. രാവിലെ ബിജെപി ഓഫീസിലും തുടര്‍ന്ന് തിരുമല ജംഗ്ഷനിലും പൊതുദര്‍ശനത്തിന് വെച്ചശേഷമായിരിക്കും മൃതദേഹം വീട്ടിലെത്തിക്കുക.
ഉച്ചയ്ക്ക് ശേഷം ശാന്തികവാടത്തിൽ സംസ്കാരം നടക്കും. തന്റെ മരണാനന്തരച്ചടങ്ങിനുള്ള തുക കവറിനകത്തിട്ട് ഓഫീസ് മുറിയില്‍വെച്ചായിരുന്നു അനിലിന്റെ മടക്കം. ഈ തുക മരണാനന്തരച്ചടങ്ങിനുള്ളതാണെന്ന് കുറിപ്പില്‍ എഴുതിയിരുന്നു.
അനിൽ പ്രസിഡൻറായ സഹകരണ സംഘത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്നായിരുന്നു ആത്മഹത്യ. ശനിയാഴ്ച രാവിലെയായിരുന്നു ബിജെപി ജനറല്‍ സെക്രട്ടറി കൂടിയായ അനിലിനെ തിരുമലയിലെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം തിരുമല അനിലിന്റെ ആത്മഹത്യയിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. പൂജപ്പുര പൊലീസാണ് കേസെടുത്തത്.
