Press Club Vartha

കരൂര്‍ ദുരന്തത്തിൽ മൗനംവെടിഞ്ഞ് വിജയ്

ചെന്നൈ: കരൂരില്‍ നടന്‍ വിജയിയുടെ റാലിയില്‍ പങ്കെടുക്കവേ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടൻ വിജയ്. വീഡിയോ സന്ദേശത്തിലൂടെയാണ് താരത്തിന്റെ പ്രതികരണം. തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്‌നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും വിജയ് പറഞ്ഞു.

കുറ്റമെല്ലാം തന്റെ മേല്‍ ആരോപിക്കാമെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ വേട്ടയാടരുതെന്നും വിജയ് പറയുന്നു. താൻ ഇത്രയും വേദന അനുഭവിച്ചിട്ടില്ലെന്നും രാഷ്ട്രീയം ശക്തമായി തുടരുമെന്നും ഉടൻ എല്ലാവരെയും കാണുമെന്നും വിജയ് അറിയിച്ചു.

അധികം വൈകാതെ സത്യം പുറത്തു വരുമെന്നും വിജയ് പറഞ്ഞു. കൂടാതെ രാഷ്ട്രീയം തുടരുമെന്നും ഉടന്‍ എല്ലാവരെയും കാണുമെന്നും വിജയ് വീഡിയോയില്‍ പറയുന്നു.ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും ഇത്രയും ആളുകള്‍ക്ക് ദുരിതം ബാധിക്കുമ്പോള്‍ എങ്ങനെയാണ് തനിക്ക് നാടുവിടാനാവുകയെന്നും ചില പ്രത്യേക സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാണ് അവിടേക്ക് വരാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി സർ, നിങ്ങൾക്ക് എന്തെങ്കിലും രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ ‍ആലോചനയുണ്ടെങ്കിൽ എന്നെ എന്തു വേണമെങ്കിലും ചെയ്തോളൂ , പക്ഷേ പാർട്ടി നേതാക്കളെ തൊടരുതെന്നും വിജയ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എല്ലാവരും എത്രയും വേഗം മടങ്ങിവരാനായി പ്രാര്‍ഥിക്കുന്നുവെന്നും വിജയ് പറഞ്ഞു.

 

Share This Post
Exit mobile version