
തിരുവനന്തപുരം: ഭിന്നശേഷിക്കാരന് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകി പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത്. ജന്മനാകൈകാലുകൾക്ക് സ്വാധീനം ഇല്ലാത്ത മുരുക്കുമ്പുഴ സ്വദേശി സുരനാണ് ബ്ലോക്ക് പഞ്ചായത്ത് ഇലക്ട്രിക് വീൽ ചെയർ വാങ്ങി നൽകിയത്.
ആരുടെയും മുന്നിൽ കൈനീട്ടാതെ നിത്യവൃത്തിക്കുള്ള വകയ്ക്ക് വേണ്ടി ലോട്ടറി കച്ചവടം നടത്തുകയാണ് മുരുക്കുമ്പുഴ ബാവാ കോളനിയിലെ സുരൻ. ആദ്യമൊക്കെ കൈ കാലുകൾ കൊണ്ടു തറയിൽ നിരങ്ങിയാണ് അയാൾ ലോട്ടറി കച്ചവടം നടത്തിയിരുന്നത്. തുടർന്ന് 2 വർഷത്തിന് മുൻപാണ് മുരുക്കുമ്പുഴ ബ്ലോക്ക് മെമ്പർ എം എ ഷഹീനോട് കണിയാപുരം മാർക്കറ്റിൽ വെച്ച് ഒരു മുചക്ര സൈക്കിൾ വാങ്ങി തരുമോ എന്ന് ചോദിച്ചത്.
തുടർന്ന് 10 ദിവസത്തിനുള്ളിൽ മെമ്പറും വിദേശത്തുള്ള സുഹൃത്തും ചേർന്ന് 15000 രൂപ വിലയുള്ള മുചക്ര സൈക്കിൾ വാങ്ങി നൽകി. ഇപ്പോൾ മുരുക്കുമ്പുഴ ബാവ കോളനിയിലെ അയാളുടെ വീട്ടിൽ നിന്നും മുരുക്കുമ്പുഴ ജംഗ്ഷൻ വരെ വരും, വൈകുന്നേരം ഈ സൈക്കിൾ ൽ തിരിച്ചു പോകും. എന്നും രാവിലെ കണിയാപുരം, പോത്തൻകോട് മാർക്കറ്റുകളിൽ പോയി ലോട്ടറി വിൽക്കുകയാണ് പതിവ്.
ഇപ്പോഴത്തെ ആവശ്യം,സൈക്കിൾ ഓടിക്കുമ്പോൾ കൈക്ക് വേദനയാണ്. ഒരുപാട് ദൂരം സഞ്ചരിക്കാൻ പ്രയാസമാണ് അതുകൊണ്ട് ഒരു ഇലക്ട്രിക് വീൽ ചെയർ വേണമെന്ന ആവശ്യം സുരൻ ഉന്നയിച്ചിരുന്നു. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് വഴി ഇലക്ട്രിക് വീൽ ചെയർ എന്ന സുരന്റെ ആഗ്രഹം സാധിച്ചിരിക്കുകയാണ്.
