Press Club Vartha

അടിമാലി മണ്ണിടിച്ചിൽ; സന്ധ്യയുടെ ഇടതുകാലിന് ഗുരുതര പരിക്ക്

ഇടുക്കി: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ അടിമാലി കൂമ്പൻപാറയില്‍ ലക്ഷം വീട് കോളനി ഭാഗത്ത് മണ്ണിടിച്ചിൽ. രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ പരിക്കേറ്റ സന്ധ്യ ചികിത്സയിൽ തുടരുന്നു. സന്ധ്യയുടെ ശസ്ത്രക്രിയ സങ്കീർണ്ണമാണെന്ന് രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ സണ്ണി പി ഓരത്തേൽ അറിയിച്ചു.

സന്ധ്യയുടെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും കാൽമുട്ടിന് താഴോട്ട് എല്ലുകളും രക്ത കുഴലുകളും ചതഞ്ഞരഞ്ഞുവെന്നും ഡോക്ടർ വ്യക്തമാക്കി. ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടേക്കാം. രണ്ടു കാലുകൾക്കും പരുക്ക് പറ്റിയിട്ടുണ്ട് എന്നും ഡോക്ടർ അറിയിച്ചു.

ഇടതുകാൽ മുറിച്ചു മാറ്റാതിരിക്കാൻ സാധിക്കുന്നതെല്ലാം ചെയ്യുന്നുണ്ട്. വലതു കാലിലെ മസിലുകൾ ചതഞ്ഞിട്ടുണ്ടെങ്കിലും രക്തയോട്ടമുണ്ട്. കാലിൽ രക്തയോട്ടം നിലച്ചത് ആന്തരിക അവയവങ്ങളെ ബാധിക്കാതിരിക്കാൻ ശ്രമിക്കുകയാണെന്നും ഡോക്ടർ അറിയിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് ഇടുക്കി അടിമാലിയിലെ ലക്ഷം വീട് ഉന്നതിയിലെ ഇരുപതോളം വീടുകള്‍ക്കു മുകളിലേക്ക് നാല്‍പത് അടി ഉയരമുള്ള മണ്‍ തിട്ട ഇടിഞ്ഞു വീണത്. അപകടത്തിൽ സിന്ധുവിന്റെ ഭർത്താവ് മരിച്ചു. വീട് തക‍ർന്ന് സിമന്‍റ് സ്ലാബുകൾക്കടിയിൽപ്പെട്ടാണ് നെടുമ്പള്ളികുടി സ്വദേശി ബിജു മരിച്ചത്.

Share This Post
Exit mobile version