Press Club Vartha

തെരുവുനായ വിഷയത്തിൽ വിമർശനവുമായി സുപ്രീംകോടതി

ഡൽഹി: തെരുവ് നായ ശല്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് സുപ്രീം കോടതി.ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം. നവംബർ മൂന്നിന് ഹാജരാകണമെന്നാണ് ജസ്‌റ്റിസ് വിക്രംനാഥ് നിർദേശം നൽകിയിരിക്കുന്നത്.

തെരുവുനായ്ക്ക‌ളെ പിടി കൂടി വന്ധ്യംകരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾ സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്നാണ് നടപടി. വിഷയത്തിൽ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു. തെരുവു നായ ആക്രമണം സംബന്ധിയായ നോട്ടീസിന് രണ്ട് സംസ്ഥാനങ്ങളും ഡൽഹി മുനിസിപ്പൽ കോപ്പറേഷനും മാത്രമാണ് മറുപടി സമർപ്പിച്ചത്. രണ്ടുമാസം മുമ്പ് നൽകിയ നോട്ടീസിനാണ് മറുപടി തരാൻ വൈകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു.

നിയന്ത്രണ നിയമങ്ങള്‍ നടപ്പാക്കാത്തതില്‍ സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.കേരളം ഉൾപ്പെടെ സത്യാവാങ്മൂലം നൽകാത്ത സംസ്‌ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ ഹാജരാകണമെന്നാണ് നിർദേശം.

രാജ്യത്തിന്‍റെ പ്രതിച്ഛായ ആഗോള തലത്തിൽ മോശമായിക്കൊണ്ടിരിക്കുകയാണ്. രണ്ടു മാസം സമയം നൽകിയിട്ടും എന്തു കൊണ്ട് സത്യവാങ്മൂലം സമർപ്പിച്ചില്ല എന്നും സുപ്രീം കോടതി ചോദിച്ചു. കേന്ദ്രമടക്കം മറുപടി നൽകാത്തതിൽ സുപ്രീംകോടതി കടുത്ത വിമർശനമാണ് ഉയർത്തിയത്.

Share This Post
Exit mobile version