Press Club Vartha

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ലൈംഗികാതിക്രമം നടത്തിയെന്ന ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസെടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

എറണാകുളം നോർത്ത് പൊലീസ് റജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി.പ്രതീപ് കുമാർ റദ്ദാക്കിയത്. 2009 ൽ ലൈംഗികാതിക്രമം നടന്നുവെന്നായിരുന്നു കേസ്. 15 വർഷം മുൻപ് നടന്ന സംഭവത്തിന് ഇപ്പോൾ മാത്രമാണ് കേസെടുത്തതെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് റദ്ദാക്കിയത്.

നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയിൽ പറയുന്ന ആരോപണങ്ങൾ നിലനിൽക്കില്ലെന്നും 2009 ൽ നടന്ന സംഭവത്തിന് നടി 2024 ഓ​ഗസ്റ്റ് 26നാണ് പരാതി നൽകിയതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ 2024ലാണ് നടി പരാതി നൽകുന്നത്.

Share This Post
Exit mobile version