
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ മത്സ്യം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. നെയ്യാറ്റിൻകര തീരദേശ മേഖലയിൽ ഉള്ളവർക്കാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഏകദേശം 35 പേർക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്.
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും കാരക്കോണം മെഡിക്കൽ കോളജിലും നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലുമായി ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ചന്തകളിൽ നിന്ന് ചെമ്പല്ലി ഇനത്തിൽപ്പെട്ട മീൻ കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമെന്നാണ് പുറത്തുവരുന്ന വിവരം. മേഖലയിൽ നിന്ന് മീനിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഉറവിടം അടക്കമുള്ള കാര്യങ്ങളിൽ സ്ഥിരീകരണം ലഭിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിഭാഗം വ്യക്തമാക്കി.
