
തിരുവനന്തപുരം: പത്തുവയസുള്ള രണ്ടു കുട്ടികളെ പീഡിപ്പിച്ച കേസുകളിലെ പ്രതിക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. പ്രതിയായ മുടവന്മുകൾ കുന്നുംപുറത്തു വീട്ടിൽ വിജയനെയാണ് (73) രണ്ടു കേസുകളിലായി പതിമൂന്ന് വർഷം വെറും തടവിനും ഒന്നര ലക്ഷം രൂപ പിഴക്കും വിധിച്ചത്.
അസുഖ ബാധിതനായി കിടപ്പിലായിരുന്ന പ്രതിയെ ആംബുലൻസിലാണ് കോടതിയിൽ എത്തിച്ചത്. ഒരു കേസിൽ പത്ത് വർഷം വെറും തടവും ഒരു ലക്ഷം രൂപ പിഴയും അടുത്ത കേസിൽ മൂന്ന് വർഷവും അമ്പതിനായിരം രൂപ പിഴയുമാണ് വിധി. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണം.
തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി അഞ്ചു മീര ബിർളയാണ് ശിക്ഷ വിധിച്ചത്. 2021-2022 കാലഘട്ടത്തിൽ ആണ് സംഭവങ്ങൾ നടന്നത്. മുടവൻമുകളിൽ പലവ്യഞ്ജനകട നടത്തിവരുകയായിരുന്നു പ്രതി. ഇവിടെ വച്ചാണ് സംഭവം നടന്നത്. കടയിൽ സാധനം വാങ്ങാൻ എത്തിയ കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ പിടിച്ചു പല തവണകളായി പീഡിപ്പിക്കുകയായിരുന്നു.
