
തിരുവനന്തപുരം: വര്‍ക്കലയിൽ ട്രെയിനില്‍ നിന്നും മധ്യവയസ്കൻ തള്ളിയിട്ടതിനെ തുടർന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിയുടെ നില അതീവ ഗുരുതരമെന്ന് അമ്മ പ്രിയദര്‍ശിനി. ശ്രീകുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും കുടുംബം ആരോപിച്ചു. നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശ്രീക്കുട്ടി ചികിത്സയിൽ കഴിയുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള ശ്രീകുട്ടിക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ലെന്നും അമ്മ പ്രിയദര്‍ശിനി ആരോപിച്ചു.
മെഡിക്കല്‍ കോളേജില്‍ എത്തിച്ചു എന്നറിഞ്ഞപ്പോൾ തന്നെ പേടിയായെന്നും പ്രിയദര്‍ശിനി പറഞ്ഞു. കുട്ടിക്ക് മികച്ച ചികിത്സ നൽകണമെന്നും ഇതാണോ ട്രെയിനിലെ സുരക്ഷയെന്നും അമ്മ പറഞ്ഞു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു. ശ്രീക്കുട്ടിയുടെ ശരീരത്തിൽ ഇരുപതോളം മുറിവുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇപ്പോള്‍ ആവശ്യമായ ചികിത്സയൊന്നും ലഭിക്കുന്നില്ല.
അതേസമയം, ശ്രീക്കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതര്‍ അറിയിക്കുന്നത്. തലക്കും നട്ടെല്ലിനും പരിക്കേറ്റ് നിലയിൽ പരിക്കേറ്റ ശ്രീക്കുട്ടി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി കേരള എക്സ്പ്രസില്‍ യാത്ര ചെയ്യവെയാണ് മദ്യപിച്ചെത്തിയ സുരേഷ് കുമാര്‍ 19കാരിയായ ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടത്.
