
തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്ര സംവിധായകനും മുൻ കേരള ചലച്ചിത്ര അക്കാദമി ചെയർപേഴ്സണുമായ ടി രാജീവ് നാഥിന്റെ 50 വർഷത്തെ സിനിമാജീവിതത്തിന് ഐ എഫ് എഫ് കെ ആദരമർപ്പിക്കും. ഇതിൻ്റെ ഭാഗമായി മേളയിൽ 2000-ത്തിലെ മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം അദ്ദേഹത്തിന് നേടിക്കൊടുത്ത ‘ജനനി’ സിനിമയുടെ പ്രത്യേക പ്രദർശനം നടക്കും.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർപേഴ്സണായിരുന്ന രാജീവ് നാഥ്, മലയാള സിനിമയുടെ വളർച്ചയ്ക്കും അന്താരാഷ്ട്ര വേദികളിലെ പ്രതിച്ഛായ ഉയർത്തുന്നതിനും നിർണായക പങ്ക് വഹിച്ചു.
അദ്ദേഹത്തിന്റെ അമ്പത് വർഷത്തെ സമ്പന്നമായ സൃഷ്ടിജീവിതത്തെയാണ് ഈ വർഷം ഐഎഫ്എഫ്കെ പ്രത്യേകം ആദരിക്കുന്നത്.
1951-ൽ ചങ്ങനാശ്ശേരിയിൽ ജനിച്ച രാജീവ് നാഥ്, 1978-ൽ ‘തണൽ’ എന്ന സിനിമ സംവിധാനം ചെയ്താണ് മലയാള സിനിമാരംഗത്തേക്ക് എത്തിയത്. മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചു. എം ജി സോമന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും ‘തണലി’ലെ അഭിനയത്തിന് ലഭിച്ചു.
സാഹിത്യകാരൻ ഒ വി വിജയന്റെ കഥ ആസ്പദമാക്കിയ കടൽത്തീരത്ത് ഉൾപ്പെടെ, അഹം, പകൽ നക്ഷത്രങ്ങൾ, ഡേവിഡ് ആൻഡ് ഗോലിയാത്ത്, രസം, സൂര്യന്റെ മരണം എന്നീ സിനിമകളും അദ്ദേഹം സംവിധാനം ചെയ്തു.
