Press Club Vartha

ചലച്ചിത്ര അനുഭവങ്ങളുടെ തുറന്ന ചർച്ചയ്ക്കു വേദിയായി മീറ്റ് ദി ഡയറക്ടെർസ്

തിരുവനന്തപുരം : ചലച്ചിത്ര അനുഭവങ്ങളുടെ തുറന്ന ചർച്ചയ്ക്കു വേദിയായി ഐഎഫ്എഫ്കെയിലെ മീറ്റ് ദി ഡയറക്ടെർസ്. ചലച്ചിത്ര വഴികളിലൂടെയുള്ള തങ്ങളുടെ യാത്ര സംവിധായകർ പങ്കുവെച്ചപ്പോൾ വേദിക്ക് അത് നവ്യാനുഭവമായി മാറി. സിനിമ എന്ന സ്വപ്നം, അത് യാഥാർത്ഥ്യമാകുമ്പോൾ നേരിടേണ്ടി വന്ന അനുഭവങ്ങൾ അവർ പങ്കുവെച്ചു.

ചോലനായ്ക്കർ എന്ന ഏഷ്യയിൽ അവശേഷിക്കുന്ന ഗുഹാവാസികളെ കൊണ്ട് ഉണ്ണികൃഷ്ണൻ ആവള ചിത്രീകരിച്ച ‘തന്തപ്പേര്’ കേരളത്തിലെ ആദിവാസി ഗോത്രത്തെ എങ്ങനെയാണ് അടിയന്തരാവസ്ഥ ബാധിച്ചതെന്ന് അഭ്രപാളിയിലൂടെ അനുവാചകരുടെ മുമ്പിലെത്തിക്കുന്നു. കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിട്ടും സ്വന്തം സമൂഹത്തിൽ നിന്നും സ്ത്രീകളെ ലഭിക്കാതെ പോകുന്ന ഒരു ജനതയുടെ കഥയാണ് സിനിമ.

തന്റെ മുമ്പിൽ പോലും നില്ക്കാൻ താല്പര്യമില്ലാത്തവരെ ക്യാമറയുടെ മുമ്പിൽ കൊണ്ട് വന്നു, അവരെ കഥാപാത്രങ്ങളാക്കി, അവരിലൂടെ ഒരു സിനിമ നിർമിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി വന്നത് ആറ് വർഷമാണെന്നും ഉണ്ണികൃഷ്ണൻ ആവള പറഞ്ഞു.

ഒരുപാട് സമയം എടുത്തു ചിത്രം നിർമിച്ചുവെങ്കിലും, സിനിമ എടുക്കണം എന്ന ലക്ഷ്യം മാത്രമേ തനിക്കു ഉണ്ടായിരുന്നുള്ളു എന്ന് ‘മിറാഷ്’ സംവിധനം ചെയ്ത ഇഷാൻ ഘോഷ് പറഞ്ഞു. കുട്ടുകാരോട് കൂടി, ചെറിയ സോണി ക്യാമറയുമായി ചിത്രം നിർമിക്കാൻ ഇറങ്ങിയപ്പോൾ ലഭിച്ച വിമർശനത്തെ പറ്റിയും, സ്ക്രിപ്റ്റ് ഇല്ലാതെ സിനിമ എടുക്കാൻ ഇറങ്ങിത്തിരിച്ച തന്റെ നാൾവഴികളെ കുറിച്ചും അദ്ദേഹം വിവരിച്ചു.

നാടക സംവിധായികയും എഴുത്തുകാരിയുമായ മിനി ഐ. ജി. തന്റെ ചിത്രമായ ‘ആദി സ്നേഹത്തിന്റെ വിരുന്നുമേശയിൽ’ ഇന്നത്തെ കാലത്തെ സാമൂഹിക ബന്ധങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. നിർമാതാവ് ഇല്ലാത്തതിനാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം നിർമ്മിക്കുകയായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവർത്തകരിൽ പലരും പ്രതിഫലം വാങ്ങിയില്ലെന്നും സംവിധായിക പറഞ്ഞു.

ഡെലിഗേറ്റായി ഐഎഫ്എഫ്കെയിൽ തുടർച്ചയായി വരുമ്പോൾ മുതലുള്ള സ്വപ്നമാണ് ഒരുനാൾ തന്റെ സിനിമയും ഇവിടെ ചിത്രീകരിക്കണമെന്നതും–അവർ വെളിപ്പെടുത്തി.

രാജേഷ് മാധവന്റെ ആദ്യ സംവിധാനത്തിൽ പിറന്ന ‘പെണ്ണും പൊറാട്ടും’ ഒരുപാട് പുതുമുഖങ്ങൾ ഉൾപ്പെട്ട ചിത്രമാണ്. ഡയലോഗ് എഴുതാത്തതിനാലും, ചിത്രത്തിലെ ശബ്ദം സീനിനോടൊപ്പം എടുത്തതിനാലും ഇതിൽ ഡബ്ബിങ് സാധ്യമല്ല എന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

‘അന്യരുടെ ആകാശങ്ങൾ’ എന്ന ചിത്രം അതിന്റെ പ്രമേയം കൊണ്ട് മാത്രമാണ് താൻ സംവിധാനം ചെയ്തതെന്ന് ശ്രീകുമാർ കെ. പറഞ്ഞു. എന്തിന് ഈ സിനിമ എടുക്കണം എന്ന തന്റെ തന്നെ ചോദ്യത്തിന് ഉത്തരം ലഭിച്ചത് സെൻസർ ബോർഡിൻ്റ മുന്നിൽ ഈ സിനിമ എത്തിയപ്പോഴാണെന്നും അദ്ദേഹം വിവരിച്ചു.

കൊറോണ കാലത്തെ ജീവിതത്തിൽ നിന്നും പിറന്ന ‘ശേഷിപ്പ്’ എന്ന ചിത്രം സംവിധാനം ചെയ്ത ശ്രീജിത്ത് എസ്. കുമാറും, ഗ്രിറ്റോ വിൻസെന്റും പുതുമുഖ താരങ്ങളെ ചിത്രത്തിനായി ഉപയോഗിച്ചതിനാൽ ആദ്യ കാലങ്ങളിൽ നിർമാതാക്കളെ ലഭിക്കാത്തതിനെ പറ്റിയുമാണ് സംസാരിച്ചത്.

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ ബാലു കിരിയത്ത് മോഡറേറ്ററായ സെഷനിൽ ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ആദ്യ പ്രദർശനം നടത്തിയ ഷാഡോ ബോക്സിന്റെ സംവിധായകൻ സൗമ്യാനന്ദ സാഹിയും, ലാപ്തീൻ സംവിധാനം ചെയ്ത രവിശങ്കർ കൗശിക്കും പങ്കെടുത്തു.

Share This Post
Exit mobile version