Press Club Vartha

25 വർഷത്തെ സിനിമാ ആസ്വാദനവുമായി ‘ഫിൽമി കപ്പിൾ’

തിരുവനന്തപുരം: കാൽനൂറ്റാണ്ടിന്റെ സിനിമാ ആസ്വാദനവുമായി ‘ഫിൽമി കപ്പിൾ’. സാഹിത്യകാരനും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ മോഹൻകുമാറും ഭാര്യ രാജലക്ഷ്മിയും ചലച്ചിത്ര മേളകളിലെ നിത്യസാന്നിധ്യമായി മാറിയിരിക്കുകയാണ്. ഐഎഫ്എഫ്കെ മുപ്പതാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ 25 കൊല്ലമായി ഐഎഫ്എഫ്കെ വേദിയിൽ നിറസാന്നിധ്യമായി മാറിയിരിക്കുകയാണ് ഈ ദമ്പതികൾ.

1998ൽ കോഴിക്കോട്ടെ ആദ്യ മേളയിൽ ആരംഭിച്ച ഇവരുടെ സിനിമാ യാത്ര, തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയതോടെ ഇവരുടെ ജീവിതത്തിന്റെ ഭാഗമായി മാറി. സിനിമാപ്രേമി എന്നതിലുപരി, ഐഎഫ്എഫ്കെയുടെ പരിണാമഘട്ടങ്ങളിൽ വിപ്ലവകരമായ തീരുമാനങ്ങൾ കൈക്കൊണ്ട സംഘാടകൻ കൂടിയാണ് മോഹൻകുമാർ. ഏഴാമത് ചലച്ചിത്ര മേളയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും ചലച്ചിത്ര അക്കാദമി സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

“ഐഎഫ്എഫ്കെ കേവലം സിനിമ പ്രദർശനമല്ല. യുവതലമുറ ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുന്ന മഹത്തായ സാംസ്കാരിക പൈതൃകമാണെന്നാണ് മോഹൻകുമാർ പറയുന്നത്. മുപ്പതാം മേളയിൽ ദമ്പതികൾ ഇതിനോടകം 16 ചിത്രങ്ങൾ കണ്ടുകഴിഞ്ഞു. ഇത്തവണ ഏറെ സ്വാധീനിച്ചത് ഇറാഖ് പശ്ചാത്തലമാക്കി സദ്ദാം ഹുസൈന്റെ കാലത്തെ ദുസ്സഹമായ ജീവിതം രണ്ട് കുട്ടികളിലൂടെ പറയുന്ന ‘ദ പ്രസിഡന്റ്‌സ് കേക്ക്’ എന്ന സിനിമയാണ്. “രാഷ്ട്രീയവും മാനുഷികവുമായ തലങ്ങൾ ഇത്രത്തോളം ഹൃദയസ്പർശിയായി അവതരിപ്പിച്ച മറ്റൊരു ചിത്രം ഈ അടുത്ത കാലത്ത് കണ്ടിട്ടില്ല,” രാജലക്ഷ്മി പറഞ്ഞു.

വയലാർ അവാർഡ് ജേതാവ് കൂടിയായ മോഹൻകുമാറിന് ഐഎഫ്എഫ്കെ വെറുമൊരു ആഘോഷമല്ല, തന്റെ സാഹിത്യജീവിതത്തിന് ഊർജ്ജം പകരുന്ന സാംസ്കാരിക വിരുന്ന് കൂടിയാണ്. പുതിയ തലമുറ സിനിമയെ നെഞ്ചിലേറ്റുന്നതും ഓപ്പൺ ഫോറങ്ങളിൽ സജീവമാകുന്നതും മാറുന്ന മലയാളസിനിമയുടെ പ്രതീകമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. സിനിമയെ ഗൗരവമായി സമീപിക്കുന്നവർക്ക് 100 രൂപ ഡെലിഗേറ്റ് ഫീ ഏർപ്പെടുത്തിയതും ഫിലിം സൊസൈറ്റികൾക്ക് മേളയിൽ പ്രത്യേക ഇടം നൽകിയതും പുരസ്കാര തുക വർദ്ധിപ്പിച്ചതും ഇദ്ദേഹത്തിന്റെ കാലയളവിലായിരുന്നു.

 

Share This Post
Exit mobile version