Press Club Vartha

പുത്തൻ പ്രതീക്ഷകളുമായി 2026 നെ വരവേറ്റ് ലോകം

തിരുവനന്തപുരം: പുത്തൻ പ്രതീക്ഷകളുമായി 2026 നെ വരവേറ്റ് ലോകം. ലോകമെമ്പാടും നിരവധി പരിപാടികളാണ് പുതുവർഷത്തെ വരവേൽക്കാനായി ഒരുക്കിയത്. മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം കൂടുതൽ സന്തോഷവും സമാധാനവും നൽകണമെന്ന പ്രാർഥനയോടെയാണ് ഓരോരുത്തരും 2026 നെ സ്വീകരിച്ചത്.

വെടിക്കെട്ടും ആഘോഷങ്ങളുമെല്ലാമായാണ് ഓരോ രാജ്യങ്ങളും പുതുവര്‍ഷത്തെ വരവേറ്റത്. ഡിസംബർ 31 അര്‍ധരാത്രി ക്ലോക്കിലെ സൂചി കൃത്യം 12 മണിയിലെത്തുമ്പോള്‍ ലോകം പുതുവത്സരാഘോഷത്തിലേക്ക് കടക്കും. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ ആഘോഷങ്ങളാണ് ന്യൂ ഇയർ പ്രമാണിച്ച് സംഘടിപ്പിച്ചത്. മികച്ച മാറ്റങ്ങള്‍ക്ക് തുടക്കമിടാനുള്ള നല്ല സമയം കൂടിയാണ് പുതുവര്‍ഷം. സംസ്ഥാനത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോട്ടലുകളിലും വമ്പന്‍ ആഘോഷമാണ് നടന്നത്.

പല രാജ്യങ്ങളിലുമായുള്ള വ്യത്യസ്ത കലണ്ടർ സമയങ്ങളിലാണ് പുതുവത്സരം ആഘോഷിക്കുന്നത്. ലോകത്ത് പുതുവര്‍ഷം ആദ്യം ആഘോഷിക്കുന്നത് പസഫിക് ദ്വീപ് രാജ്യങ്ങളായ ടോംഗ, സമോവ, കിരിബതി എന്നിവിടങ്ങളിലാണ്. കിരിബാത്തി റിപ്പബ്ലിക്കില്‍ സ്ഥിതി ചെയ്യുന്ന കിരിതിമാതി ദ്വീപിലാണ് ലോകത്തില്‍ ആദ്യം പുതുവര്‍ഷം പിറന്നത്.

കിരിബതിക്ക് പിന്നാലെ അയൽരാജ്യമായ ടോംഗയും സമോവയും പുതുവത്സരാഘോഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയത്തേക്കാൾ 8.5 മണിക്കൂർ മുന്നിലാണ് ഇവിടുത്തെ സമയം. പുതുവർഷം ആഘോഷിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 41-ാം സ്ഥാനത്താണ്. നേപ്പാൾ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങൾ ഏകദേശം ഇതേ സമയത്താണ് ആഘോഷിക്കുന്നത്. അതേസമയം അമേരിക്കയ്ക്ക് അടുത്തുള്ള ജനവാസ ദ്വീപുകളായ ഹൗലാന്‍ഡ്, ബേക്കര്‍ ദ്വീപുകള്‍ എന്നിവയാണ് പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്ന അവസാന സ്ഥലങ്ങള്‍.

Share This Post
Exit mobile version