Press Club Vartha

ആൽത്തറ വിനീഷ് വധക്കേസ്: ശോഭാ ജോൺ അടക്കം എട്ട് പ്രതികളെ വെറുതെവിട്ടു

തിരുവനന്തപുരം: 2009ൽ ഗുണ്ടാനേതാവായ ആൽത്തറ വിനീഷിനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വച്ച് കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു. കുപ്രസിദ്ധ വനിതാ ഗുണ്ട ശോഭാ ജോൺ അടക്കം എട്ട് പ്രതികളെയാണ് തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ടത്.

ശോഭ ജോൺ, അനിൽകുമാർ (കേപ്പൻ അനി), രാജേന്ദ്രൻ, രതീഷ്, ചന്ദ്രബോസ്, സാജു, വിമൽ, രാധാകൃഷ്ണൻ എന്നിവരായിരുന്നു കേസിലെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്ത് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ‍്യ വനിതാ കുറ്റവാളിയാണ് ശോഭ ജോൺ.

2009 ജൂൺ 1ന് തിരുവനന്തപുരം നഗരത്തിലെ പൊലീസ് ആസ്ഥാനത്തിന് മീറ്ററുകൾ മാത്രം അകലെ വെച്ച് ഗുണ്ടാ നേതാവായ വിനീഷിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുണ്ടാ നേതാവായ ആൽത്തറ വിനീഷ്, സിറ്റി പോലീസ് കമ്മീഷണർക്ക് മുന്നിൽ ഹാജരായി ജാമ്യവ്യവസ്ഥയുടെ ഭാഗമായി രജിസ്റ്ററിൽ ഒപ്പിട്ട് പുറത്തിറങ്ങിയ ഉടനെയാണ് ആക്രമിക്കപ്പെട്ടത്.

അടുത്തുള്ള കെട്ടിടത്തിന്റെ വളപ്പിലേക്ക് വിനീഷ് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അക്രമിസംഘം പിന്തുടരുകയായിരുന്നു. വെട്ടേറ്റ് ശിരസ് പിളർന്ന വിനീഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. രണ്ടു കൊലപാത‌കം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിനീഷ്.

Share This Post
Exit mobile version