Press Club Vartha

വാർലി ചിത്രകലയിൽ വിസ്മയമായി നാജിയ നവാസ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിന് പിന്നാലെ കലാംസ് വേൾഡ് റെക്കോർഡും

​കണിയാപുരം: മിനിയേച്ചർ വാർലി പെയിന്റിംഗിലൂടെ വീണ്ടും ലോക റെക്കോർഡ് തിളക്കത്തിൽ നാജിയ നവാസ്. 2022-ൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേടിയ നാജിയ, ഏറ്റവും പുതിയതായി ‘കലാംസ് വേൾഡ് റെക്കോർഡ്’ നേടിയാണ് നാടിന്റെ അഭിമാനമായി മാറിയത്. 5cm x 5cm അളവിലുള്ള മിനിയേച്ചർ വാർലി പെയിന്റിംഗിലെ മികവാണ് നാജിയയെ ഈ അവാർഡിന് അർഹയാക്കിയത്.

​ചിത്രകലയുടെ എല്ലാ മേഖലകളിലും താല്പര്യമുണ്ടെങ്കിലും മണ്ഡല ആർട്ട് (Mandala Art), ചാർക്കോൾ സ്കെച്ച് (Charcoal Sketch) എന്നിവയിലാണ് നാജിയ കൂടുതൽ ശ്രദ്ധ പതിപ്പിച്ചിട്ടുള്ളത്. ഹൈദരാബാദിലെ സിംസും ഫൈൻ ആർട്സ് കോളേജിൽ ആർട്ട് ടീച്ചറായി സേവനമനുഷ്ഠിക്കവേ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഒഫീഷ്യൽ പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റും നാജിയ സ്വന്തമാക്കിയിട്ടുണ്ട്.

​കലാരംഗത്തെ മികവ് പരിഗണിച്ച് 2023-ൽ ഹൈദരാബാദിൽ വെച്ച് ‘വുമൺ ഐക്കൺ ഓഫ് ദി ഇയർ’ പുരസ്കാരവും, അതേ വർഷം പോണ്ടിച്ചേരിയിൽ വെച്ച് ‘ആർട്ടിസ്റ്റ് അച്ചീവ്മെന്റ് അവാർഡും’ ഈ യുവപ്രതിഭയെ തേടിയെത്തി. നിലവിൽ അബുദാബി മോഡൽ സ്കൂളിൽ ആർട്ട് ടീച്ചറായിരുന്ന നാജിയ, നാട്ടിൽ എത്തിയപ്പോഴാണ് കലാംസ് വേൾഡ് റെക്കോർഡ് പുരസ്കാരം ഏറ്റുവാങ്ങിയത്. കണിയാപുരത്തെ പ്രമുഖ സാമൂഹിക പ്രവർത്തകൻ എം.കെ. നവാസിന്റെയും നജ്മയുടെയും മകളാണ് നാജിയ.

Share This Post
Exit mobile version