
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആശുപത്രിയിൽ യുവാവിന്റെ തെറിവിളി. മലയിൻകീഴ് താലൂക്ക് ആശുപത്രിയലാണ് സംഭവം നടന്നത്. ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെയും മറ്റ് ജീവനക്കാരെയും അസഭ്യം വിളിക്കുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
പൂവാർ കരുംകുളം സ്വദേശി എസ്. ആദർശിനെയാണ് പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്നാണ് ആദർശ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിയത്.
എന്നാൽ ഇയാൾ ആശുപത്രിയിൽ എത്തിയ സമയം ഇവിടെ ഡ്യൂട്ടി ഡോക്ടറെ സീറ്റിൽ കണ്ടില്ലായിരുന്നു. തുടർന്നാണ് ഇയാൾ പ്രകോപിതനായത്. ഡോക്ടറെയും മറ്റ് ജീവനക്കാരെയും ഇയാൾ അസഭ്യം വിളിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു.
ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി ആദർശിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാൾ ആശുപത്രിയിൽ എത്തുമ്പോൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
