
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരിശോധനക്കിടെ മുങ്ങിയ മുഖ്യ പ്രതി മാസങ്ങൾക്കു ശേഷം പിടിയിൽ. മാസങ്ങൾക്ക് മുൻപ് സ്കൂട്ടറിൽ കഞ്ചാവ് കടത്തിയത് സിറ്റി ഡാൻസാഫ് സംഘം കണ്ടെത്തിയതോടെ സ്ഥലത്ത് നിന്ന് മുങ്ങിയ പ്രതിയെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.
നേമം പൊലീസ് ക്വാർട്ടേഴ്സ് റോഡിൽ ചാനൽക്കരയിൽ തൗഫീറിനെ ( 39 ) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബർ 28നായിരുന്നു ഇയാൾ പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞത്. രഹസ്യ വിവരത്തെ തുടർന്ന് രാത്രി പത്ത് മണിയോടെ സ്റ്റുഡിയോ റോഡിൽ നടത്തിയ പരിശോധനയിലാണ് തൗഫീറിനെയും വേറെ ഒരാളെയും സംശയാസ്പദമായി കണ്ടത്.
വെള്ളായണി സ്റ്റുഡിയോ റോഡ് കൊച്ചുകളിയിക്കലിൽ ശിവൻ (44) ആണ് അന്ന് കൂടെ ഉണ്ടായിരുന്നത്. ഇയാളെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. വിശദമായ പരിശോധനയിൽ 16 കിലോ കഞ്ചാവ് എട്ട് പാക്കറ്റുകളിലായി കടത്താൻ ശ്രമിച്ചത് പിടികൂടി. പായ്ക്കറ്റുകളിലാക്കിയ കഞ്ചാവ് സ്കൂട്ടറിനു മുന്നിൽ ചാക്കിൽ കെട്ടിവെച്ചിരുന്ന രീതിയിലാണ് പിടിച്ചെടുത്തത്.
