
തിരുവനന്തപുരം: വിളപ്പില്‍ശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ വൈകിയതിനെ തുടർന്ന് യുവാവ് മരിച്ചെന്ന സംഭവത്തിൽ ഗവർണർക്ക് പരാതി നൽകി കുടുംബം. ചികിത്സ നൽകുന്നതിൽ വീഴ്ച വരുത്തിവർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ബിസ്മീറിന്റെ ഭാര്യ ജാസ്മിനാണ് പരാതി നൽകിയത്. നേരത്തെ മുഖ്യമന്ത്രിയ്ക്കും ആരോഗ്യ മന്ത്രിയ്ക്കും പരാതി നൽകിയിരുന്നു. ബിസ്മീറിന് ആവശ്യമായ ചികിത്സ നൽകിയില്ലെന്നും ജീവനക്കാരിൽ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്നും കുടുംബം പരാതിയിൽ പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ശ്വാസതടസ്സത്തെ തുടര്‍ന്നാണ് ബിസ്മീറിനെ വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചത്. എന്നാൽ ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. ആശുപത്രിയുടെ അകത്ത് പ്രവേശിക്കാൻ ഏറെ വൈകി. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാന്‍ കാത്തിരിക്കേണ്ടിവന്നു.
ഒടുവില്‍ ഡോക്ടര്‍ വന്ന് പരിശോധിക്കുമ്പോഴേക്കും ബിസ്മീറിന്റെ നില ഗുരുതരമായി. ഇതോടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തത്. തുടർന്ന് ആശുപത്രിയിലെ തന്നെ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നു.
