
ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ജനനായകന്‍റെ പ്രദർശനാനുമതി ഹൈക്കോടതി നിഷേധിച്ചു. ചിത്രത്തിന്റെ റിലീസ് അനുമതി മദ്രാസ് ഹൈക്കോടതിയാണ് നിഷേധിച്ചത്. സെൻസർ ബോർഡ് അപ്പീലിലാണ് മദ്രാസ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സിബിഎഫ്സിക്ക് സാവകാശം നൽകിയില്ലെന്ന വാദം അംഗീകരിച്ചുകൊണ്ടാണ് ഉത്തരവ്. ജനനായകന് അനുകൂലമായ സിംഗിൾ ബെഞ്ച് വിധി റദ്ദാക്കുകയും ചെയ്തു. സിബിഎഫ്സിയ്ക്ക് കൌണ്ടർ അഫിഡവിറ്റ് ഫയൽ ചെയ്യാൻ നേരത്തെ സിംഗിൾ ബെഞ്ച് അനുവദിച്ചിരുന്നില്ലെന്ന് സെൻസർ ബോർഡ് വാദിച്ചു. ഡിവിഷൻ ബെഞ്ച് ഇക്കാര്യം നേരത്തെ അംഗീകരിച്ചിരുന്നു.
ജനുവരി ഒൻപത് പൊങ്കൽ റിലീസായായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ റിലീസിന് ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെ വന്നതോടെ റിലീസ് മാറ്റുകയും നിമ്മാതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയുമാണ് ചെയ്തത്.
