Press Club Vartha

ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങലിൽ യുവ ദമ്പതികൾക്ക് നേരെ ആക്രമണം. ആറംഗ അക്രമി സംഘമാണ് ദമ്പതികളെ ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മുരുക്കുംപുഴ സ്വദേശി അനീഷിനും ഭാര്യക്കുമാണ് മർദനമേറ്റത്.

സെക്കൻഡ് ഷോ സിനിമയ്ക്ക് പോയി തിരികെ വരുന്ന വഴി ആറ്റിങ്ങലിൽ ദേശീയ പാതയിൽ വച്ചാണ് ആക്രമണം നടന്നത്. സിനിമ കഴിഞ്ഞ് വരുന്നതിനിടെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ ആറ് അംഗ സംഘം ഇരുവരെയും ആക്രമിക്കുകയായിരുന്നു.

അനീഷിന്റെ ഭാര്യയെ പ്രതികൾ കമന്റ് പറഞ്ഞു. ഇത് അനീഷ് ചോദ്യം ചെയ്തിരുന്നു. ഇതാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുള്ളത്.

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആറംഗ അക്രമി സംഘത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. അക്രമം നടന്ന പതിനാറാം മൈൽ പെട്രോൾ പമ്പിന് സമീപത്തെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

Share This Post
Exit mobile version